മഴയ്ക്ക് മുമ്പ് സംസ്ഥാനത്ത് 3000 കുളങ്ങളുടെ നിര്‍മാണം പൂർത്തിയാക്കും: മന്ത്രി എം.ബി രാജേഷ്*

പാലക്കാട്. 10 ലക്ഷം ക്യുബിക് മീറ്റര്‍ ജലസംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 3000 കുളങ്ങളുടെ നിര്‍മ്മാണം മഴയ്ക്ക് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് 2000 കുളങ്ങള്‍ സജ്ജമാക്കിയതിന്റെ ഉദ്ഘാടനം എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ പെരിഞ്ചാറോട് ജനാര്‍ദ്ദനന്‍ കുളം പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതമൂലം മഴവെള്ളം ഭൂമിയില്‍ സംഭരിക്കപ്പെടുന്നില്ല. ഇത് ഭൂഗര്‍ഭ ജലവിതാനത്തിന്റെ അളവില്‍ വലിയ കുറവാണ് വരുത്തുന്നത്. ഇത് പരിഹരിക്കുന്നതിന് കുളം നിര്‍മ്മാണം അനിവാര്യമാണ്. കുളം നിര്‍മ്മാണത്തില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തുന്നത് കേരളത്തിന്റെ പരിസ്ഥിതി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളാണ്. ഇത് മനസിലാക്കാത്തവരാണ് തൊഴിലുറപ്പ് തൊഴിലാളികളെ വിമര്‍ശിക്കുന്നത്. ഓരോ നീര്‍ത്തടത്തിലും ജലസംഭരണം ശാസ്ത്രീയമായി ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നീരുറവ് എന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ ജോയിന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ ലാസര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 150 തൊഴില്‍ ദിനം പൂര്‍ത്തീകരിച്ച എസ്.ടി. കുടുംബാംഗങ്ങളെ ആദരിക്കല്‍, ഏറ്റവും പ്രായം കൂടിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിക്കല്‍ എന്നിവയും നടന്നു.
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, എരിമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബിന്ദു ശിവകുമാര്‍, ബി.വി. കുട്ടികൃഷ്ണന്‍, രാമകൃഷ്ണന്‍, സി. രാധ, ഷെഫീക്ക്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.