ഭിന്നശേഷി സഹായ ഉപകരണങ്ങളും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റും വിതരണം ചെയ്തു

  1. Home
  2. MORE NEWS

ഭിന്നശേഷി സഹായ ഉപകരണങ്ങളും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റും വിതരണം ചെയ്തു

ഭിന്നശേഷി സഹായ ഉപകരണങ്ങളും സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റും വിതരണം ചെയ്തു*


പാലക്കാട്‌. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും ഭിന്നശേഷി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക, സ്വയംതൊഴിലിന് പരിശീലനം നൽകുക, സ്വയംതൊഴിൽ വായ്പ അനുവദിക്കുക എന്നിങ്ങനെ ഭിന്നശേഷി സമൂഹത്തിന്റെ സമഗ്ര പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ വിവിധ സംവിധാനങ്ങളായ വികലാംഗ ക്ഷേമ കോർപ്പറേഷൻ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, നിഷ് തുടങ്ങിയവ വഴി ചെയ്തു വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശുഭയാത്ര പദ്ധതി പ്രകാരം ഒറ്റപ്പാലം സ്വദേശിനിയായ രോഹിണിക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി. ശ്രവൺ പദ്ധതി പ്രകാരം 80 ഓളം കുട്ടികൾക്ക് ശ്രവണ സഹായികളുടെ വിതരണവും ഹസ്തദാനം പദ്ധതി പ്രകാരം മുപ്പതോളം കുട്ടികൾക്ക് ഇരുപതിനായിരം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ സർട്ടിഫിക്കറ്റ് വിതരണവും ഒൻപത് പേർക്ക് മറ്റു സഹായ ഉപകരണങ്ങളുടെ വിതരണവും നടത്തി. 30 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

പരിപാടിയിൽ എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായി. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ്, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ എം.വി. ജയഡാളി, ജില്ലാ സാമൂഹിക നീതി സീനിയർ സൂപ്രണ്ട് പ്രകാശ്, കെ.എസ്.എസ്.എം ജില്ലാ കോ-ഓർഡിനേറ്റർ മൂസ പതിയിൽ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.