പറകൊട്ടിപ്പാടി അഞ്ച് പതിറ്റാണ്ടുകള്‍; പ്രസാദം ഈ ജീവിതം

ശബരിമല..ആറന്മുള സ്വദേശിയായ പ്രസാദിന് ശബരിമല അയ്യന്റെ സ ന്നിധിയില്‍ ജീവിതം സഫലമാണ്. ആചാരങ്ങളില്‍ സമ്പന്നമായ ശബരീശ സന്നിധിയില്‍ കഴിഞ്ഞ അമ്പത്തിരണ്ട് വര്‍ഷമായി തുടര്‍ച്ചയായി പ്രസാദും കൂട്ടരും അയ്യപ്പന്‍മാരുടെ ദോഷമകറ്റാന്‍ പറകൊട്ടിപ്പാട്ടുമായുണ്ട്. പരമശിവന്‍ മലവേടനായി അവതരിച്ച് പറകൊട്ടി പാടി അയ്യന്റെ ദോഷം തീര്‍ത്തു എന്നാണ് ഐതീഹ്യം. ഈ വിശ്വാസപ്രമാണങ്ങളെ ശിരസിലേറ്റുവാങ്ങി മാളികപ്പുറത്തുള്ള സന്നിധിയില്‍ പറകൊട്ടിപ്പാട്ട് ഇന്നും നടക്കുന്നു. പ്രസാദിനൊപ്പം പതിനാല് പേരാണ് ത്രികാല ദോഷങ്ങളകറ്റാന്‍ ഇവിടെ ആചാരപ്പെരുമയുടെ പറകൊട്ടിപ്പാട്ടുമായുള്ളത്.
അയ്യപ്പന്‍മാരുടെ ദോഷമകറ്റുന്നതിലൂടെ ലഭിക്കുന്ന ദക്ഷിണയാണ് ഇവരുടെ വരുമാനം. പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിലുളളവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയര്‍. പാരമ്പര്യമായി ലഭിക്കുന്ന പാട്ടിന്റെ ഈരടികളില്‍ സര്‍വദോഷ പരിഹാരത്തിനായി ഇവര്‍ ഹൃദയം തൊട്ടുപാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിന്‍ഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടി പാട്ട് നടക്കുന്നത്. പറകൊട്ടി പാടുമ്പോള്‍ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുന്നത്. പറ കൊട്ടുമ്പോള്‍ ഓം എന്ന ശബ്ദമാണ് ഉയരുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്ന് പാടുന്നയാളെ പരമശിവനായിട്ടുമാണ് സങ്കല്‍പ്പിക്കുന്നത്. പാട്ടിന് ഒടുവില്‍ ഭക്തന്റെ ശിരസില്‍ കൈവെച്ച് നെറ്റിയില്‍ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും പാദം മുതല്‍ ശിരസു വരെയുളള സര്‍വദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.
പരമശിവന്‍ മലവേടന്റെ രൂപത്തില്‍ പന്തളം കൊട്ടാരത്തില്‍ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങള്‍ അകറ്റിയതിന്റെ വിശ്വാസ മഹിമയാണ് പറകൊട്ടിപ്പാട്ടിനുളളത്. പാലാഴി മഥനത്തെ തുടര്‍ന്ന് വിഷ്ണു ഭഗവാന് ശനിദോഷം ബാധിച്ചെന്നും ശിവന്‍ വേലനായും പാര്‍വതി വേലത്തിയായും അവതരിച്ച് പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്. ശബരിമല ക്ഷേത്രനിര്‍മാണം കഴിഞ്ഞ് തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോള്‍ പന്തളം രാജാവ് ദേവപ്രശ്‌നം വച്ചപ്പോള്‍ അശുദ്ധിയുളളതായി കണ്ടെത്തി. ഇതിന് പരിഹാരമായി വേലന്‍മാരെ കൊണ്ട് പറകൊട്ടി പാടണമെന്നും ദേവഹിതത്തില്‍ തെളിഞ്ഞു. അങ്ങനെയാണ് ശബരിമലയില്‍ പറകൊട്ടിപ്പാട്ട് തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പതിനെട്ടാം പടിക്ക് താഴെയാണ് പറകൊട്ടി പാട്ട് അരങ്ങേറിയിരുന്നത്. ഇവിടെ തിരക്ക് കൂടിയതോടെ സ്ഥലപരിമിതിയെ തുടര്‍ന്ന് മണിമണ്ഡപത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. ശബരീശ സന്നിധിയില്‍ ഒരു പുണ്യകാലം കൂടി പൂര്‍ത്തീകരണത്തിലേക്ക് അടുക്കുമ്പോള്‍ പറകൊട്ടിപ്പാട്ടുകാര്‍ക്കും ഇതൊരു ജീവിത സപര്യയാണ്.