സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കില്ല

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പിസി) യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. മതപരമായ വസ്ത്രങ്ങൾ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി റിസ നഹാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശ പ്രകാരം വിദ്യാർത്ഥി സർക്കാറിന് അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഉത്തരവ്.
ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസിന് സമാനമായ രീതിയിലാണ് എസ്പിസിക്ക് പരിശീലനം നൽകുന്നത്. പൊലീസിൽ മതപരമായ അടയാളങ്ങൾ ഉപയോഗിക്കുന്നതിന് അനുവാദമില്ല. അതാണ് എസ്പിസിയിലും വേണ്ടത്. എൻസിസിയിലോ സ്‌കൗട്ടിലോ ഹിജാബോ ഫുൾസ്ലീവോ ധരിക്കുന്ന സാഹചര്യമില്ല എന്നും ഉത്തരവിൽ പറയുന്നു.