പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്കു മുന്നിൽ ഐ.എം.എ.യുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു*

പെരിന്തൽമണ്ണ : കൃത്യനിർവഹണത്തിനിടയിൽ വനിതാ ഡോക്ടർ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിലും ഡോക്ടർമാരും ആശുപത്രികളും നിരന്തരം ആക്രമിക്കപ്പെടുന്നതിലും പ്രതിഷേധമറിയിച്ച് പെരിന്തൽമണ്ണയിൽ ഐ.എം.എ. മാർച്ച് നടത്തി. ജില്ലാ ആശുപത്രിക്കു മുന്നിൽ എം.ഇ.എസ്. മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ഐ.എം.എ. പ്രസിഡന്റ് ഷാജി അബ്ദുൾ ഗഫൂർ, സെക്രട്ടറി കെ.ബി. ജലീൽ, ഡോ. പി. രാജു, ഡോ. വി.യു. സീതി, ഡോ. കൊച്ചു എസ്. മണി, ഡോ. ബിജി കുര്യൻ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട് റോഡിലെ ടൗൺ സ്‌ക്വയറിൽ മാർച്ചിന്റെ സമാപനം ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്തു.
*പ്രതിഷേധപ്രകടനം*
അങ്ങാടിപ്പുറം : എം.ഇ.എസ്. മെഡിക്കൽ കോളേജിൽ പ്രതിഷേധപ്രകടനം നടത്തി. വൈലോങ്ങര മുതൽ അങ്ങാടിപ്പുറം വരെ നടത്തിയ പ്രകടനത്തിൽ ഡോക്ടർമാരും വിദ്യാർഥികളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് സാജിദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ, രജിസ്ട്രാർ ഡോ. സിവി ജമാലുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചട്ടിപ്പറമ്പ് എജ്യുകെയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ ഡോക്ടർമാരും വിദ്യാർഥികളും മലപ്പുറത്ത് പ്രതിഷേധ റാലി നടത്തി. ഡോക്ടർമാർക്കെതിരേ നിരന്തരം ഉണ്ടാകുന്ന അക്രമങ്ങൾക്കെതിരേ കേരളത്തിന്റെ മനഃസാക്ഷി ഉണരണമെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. വൈസ് പ്രിൻസിപ്പൽ ഡോ. മേനോൻ പ്രസാദ് രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഹൗസ് സർജൻ ഡോ. എം. ശ്രീജിത്ത് സംസാരിചു