കാങ്കപ്പുഴ ആർ.സി.ബി ഭൂമി ഏറ്റെടുക്കൽ: ഭൂ ഉടമകൾക്ക് ആശങ്ക വേണ്ട; മന്ത്രി എം.ബി രാജേഷ്*

  1. Home
  2. MORE NEWS

കാങ്കപ്പുഴ ആർ.സി.ബി ഭൂമി ഏറ്റെടുക്കൽ: ഭൂ ഉടമകൾക്ക് ആശങ്ക വേണ്ട; മന്ത്രി എം.ബി രാജേഷ്*

കാങ്കപ്പുഴ ആർ.സി.ബി ഭൂമി ഏറ്റെടുക്കൽ: ഭൂ ഉടമകൾക്ക് ആശങ്ക വേണ്ട; മന്ത്രി എം.ബി രാജേഷ്*


കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിലേക്കുള്ള അപ്പ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാങ്കപ്പുഴ ആർ.സി.ബി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ചേർന്ന ഭൂ ഉടമകളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനകം   തുക അനുവദിച്ച കിഫ്ബി പദ്ധതിയാണിത്. പദ്ധതിക്കായി ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാരം വൈകാതെ ലഭ്യമാകും. കെട്ടിടം നഷ്ടമാവുന്നവർക്കും അർഹമായ നഷ്ടപരിഹാരം നൽകും. കിഫ്ബി പദ്ധതിയായതുകൊണ്ട് സാമ്പത്തിക കാര്യത്തിൽ തടസങ്ങൾ വരില്ല.

ലാൻഡ് അക്യുസിഷൻ നിയമപ്രകാരമാണ് ഏറ്റെടുക്കൽ നടക്കുക. സമഗ്രമായ ഈ നിയമം സർക്കാരിനെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കുന്നതിനോടൊപ്പം തന്നെ ഭൂമി വിട്ടുനൽകുന്നവർക്ക് മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില ലഭ്യമാക്കുന്നതുമാണ്. നിയമം അനുസരിച്ച് വാല്യൂവേഷൻ നടപടികൾ മുന്നോട്ടു പോകും. പദ്ധതി നേരത്തെ പൂർത്തിയാക്കാൻ കഴിയും. 
പദ്ധതിക്കുള്ള അപ്രോച്ച് റോഡിന് 12 മീറ്റർ വീതി വേണം. അതിനാണ് ഭൂമി ഏറ്റെടുക്കുന്നത്. റോഡ്, അഴുക്കുചാൽ, നടപ്പാത ഉൾപ്പെടെ കിഫ്ബി മാനദണ്ഡം അനുസരിച്ചാണ് നിർമ്മാണം നടക്കുക. പാലം നിർമ്മിക്കുന്ന കമ്പനി തന്നെയാണ് റോഡ് നിർമ്മാണവും നടത്തുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ തൃത്താലയുടെയും കുറ്റിപ്പുറത്തിന്റെയും മുഖച്ഛായ തന്നെ മാറും. കുറ്റിപ്പുറം കോഴിക്കോട് യാത്രാ ദൂരം കുറയും. റെഗുലേറ്റർ ഉള്ളതിനാൽ കുടിവെള്ളം കൃഷി എന്നിവയ്ക്ക് പദ്ധതി സഹായമാവും. അതുകൊണ്ട് സർക്കാർ പദ്ധതിക്ക് നല്ല ശ്രദ്ധയാണ് നൽകുന്നത്.

രണ്ടുകൊല്ലം കൊണ്ട് തൃത്താല മണ്ഡലത്തിൽ 874 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് അനുമതി കിട്ടി നടപ്പാക്കുന്നത് എന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ലാൻഡ് അക്യുസിഷൻ തഹസിൽദാർ പദ്ധതിയെക്കുറിച്ചും ഭൂമി ഏറ്റെടുക്കൽ നടപടികളെക്കുറിച്ചും ഭൂമി വിട്ടു നൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചും വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റേണ്ടിവരുന്ന കെട്ടിടങ്ങൾ സംബന്ധിച്ച് ഭൂ ഉടമകൾ ഉന്നയിച്ച സംശയങ്ങൾക്കും മറുപടി നൽകി. പദ്ധതിക്ക് വേണ്ടി ആനക്കരയിൽ 111. 7 3 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. കുമ്പിടി ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ
ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ജ്യോതി, ഷിബു, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥലം ഉടമകൾ എന്നിവർ പങ്കെടുത്തു.