\u0D15\u0D30\u0D3F\u0D2E\u0D32 \u0D15\u0D3E\u0D28\u0D28\u0D2A\u0D3E\u0D24:\n\u0D24\u0D2F\u0D3E\u0D31\u0D46\u0D1F\u0D41\u0D2A\u0D4D\u0D2A\u0D41\u0D15\u0D33\u0D4D‍ \u0D05\u0D35\u0D38\u0D3E\u0D28\u0D18\u0D1F\u0D4D\u0D1F\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍; 30 \u0D28\u0D4D \u0D38\u0D02\u0D2F\u0D41\u0D15\u0D4D\u0D24 \u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28

  1. Home
  2. MORE NEWS

കരിമല കാനനപാത: തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; 30 ന് സംയുക്ത പരിശോധന

കരിമല കാനനപാത: തയാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍; 30 ന് സംയുക്ത പരിശോധന


ശബരിമല..അയ്യപ്പ തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനനപാത സഞ്ചാരയോഗ്യമാക്കല്‍ അവസാനഘട്ടത്തില്‍. ഇന്നും (28), നാളെയും (29) കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് പരിശ്രമിക്കുന്നത്. 30 ന് ശബരിമല എഡിഎം അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള സംഘം പാതയില്‍ സംയുക്ത പരിശോധന നടത്തും. 31 മുതല്‍ പാത അയ്യപ്പ ഭക്തര്‍ക്ക് സഞ്ചാരത്തിനായി തുറന്നുകൊടുക്കും. കോവിഡ് സാഹചര്യങ്ങളാല്‍ കാനന പാതയിലൂടെയുള്ള യാത്ര നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ഇതുവഴി യാത്ര അനുവദിക്കുന്നത്.
എരുമേലി മുതല്‍ സന്നിധാനംവരെ 35 കിലോ മീറ്ററാണുള്ളത്. ഇതില്‍ 25 കിലോമീറ്ററും വനത്തിനുള്ളിലൂടെയാണ്. കോഴിക്കാല്‍ കടവ് മുതല്‍ അഴുതക്കടവ് വരെയുള്ള ഏഴ് കിലോമീറ്റര്‍ റിസര്‍വും അഴുതക്കടവ് മുതല്‍ പമ്പവരെയുള്ള 18 കിലോമീറ്റര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വും ഇതില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് എഡിഎം അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
കാനനപാതയ്ക്ക് എരുമേലിയില്‍നിന്നും സ്‌പോട്ട് ബുക്കിംഗ് എടുക്കാം. യാത്ര ചെയ്യുന്ന സമയത്തില്‍ നിയന്ത്രണമുണ്ടാവും. കോഴിക്കാല്‍ക്കടവില്‍നിന്നും പുലര്‍ച്ചെ 5.30 നും 10.30 ഇടയിലേ കാനന പാതയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം നല്‍കുക. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിക്കല്‍ ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇടത്താവളങ്ങളുടെ ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി. കുടിവെള്ള ലഭ്യത ജല അതോറിട്ടി ഉറപ്പാക്കുന്നു. വലിയാനവട്ടം മുതല്‍ പമ്പവരെ വൈദ്യുതി ലഭ്യമാക്കല്‍ അവസാനഘട്ടത്തിലാണ്. കോവിഡ് സാഹചര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പാതയില്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കും. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍ സജ്ജമാക്കുന്നുണ്ട്.
തീര്‍ത്ഥാടകര്‍ക്കായി എട്ട് ഇടത്താവളങ്ങളാണ് ഈ വഴിയില്‍ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികള്‍ ഒരുക്കുന്നത്. കടകളും ലഘുഭക്ഷണശാലകളും ഈ കേന്ദ്രങ്ങളിലുണ്ടാവും. വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യം ഉണ്ടാകും. വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവാതിരിക്കാന്‍ ഈ പ്രദേശത്ത് വനംവകുപ്പ് ഫെന്‍സിംഗ് തീര്‍ത്തിട്ടുണ്ട്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സങ്കേതത്തിലൂടെയുള്ള യാത്ര ആരംഭിക്കുന്ന മുക്കുഴിയിലും അഴുതക്കടവിലും ഭക്തര്‍ക്ക് വിരി വയ്ക്കാനാവും. അനുവദിച്ചിട്ടുള്ള സമയത്തിനു ശേഷം വരുന്ന തീര്‍ത്ഥാടകര്‍ക്ക് അവിടെ വിരി വയ്ക്കാവുന്നതാണ്.
തീര്‍ത്ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല. ഈ സാഹചര്യങ്ങളില്‍ ഭക്തര്‍ക്ക് ഇടത്താവളങ്ങളില്‍ തങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കരിമലയിലും വലിയാനവട്ടത്തും അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അന്നദാന കേന്ദ്രങ്ങളുണ്ടാവും. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് കഴിക്കുന്നതിന് കഞ്ഞി ലഭ്യമാക്കും. ഇടത്താവളങ്ങളില്‍ കൂടുതല്‍ ശുചിമുറികളും ഉറപ്പാക്കുന്നുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനായി വനപാലകരുടെയും ആന സ്‌ക്വാഡിന്റെയും നിരിക്ഷണമുണ്ടാകും.