ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവം 16 മുതല്‍ പാലക്കാട്

പാലക്കാട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പുസ്തകോത്സവം മെയ് 16, 17, 18 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ അധ്യക്ഷനാകും. മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥിയാകും. കേരളത്തിലെ പ്രശസ്തരായ 60-ഓളം പ്രസാധകരുടെ നൂറിലധികം സ്റ്റാളുകള്‍ പുസ്തകോത്സവത്തില്‍ ഉണ്ടാവും. ലൈബ്രറികള്‍ക്കും സ്‌കൂള്‍, കോളെജ് സ്ഥാപനങ്ങള്‍ക്കും മലയാളം പുസ്തകങ്ങള്‍ക്ക് 35 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് 20 ശതമാനവും കമ്മീഷന്‍ നല്‍കും.
ജില്ലയിലെ 570ല്‍ അധികം ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്റ് ഉപയോഗിച്ച് മികച്ചതും പുതുതായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശനം. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതേ്യക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.പി., ഹൈസ്‌കൂള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള വായനമത്സര പുസ്തകങ്ങള്‍, ലൈബ്രറികള്‍ക്കാവശ്യമായ രജിസ്റ്ററുകള്‍ എന്നിവ വാങ്ങുന്നതിന് പ്രതേ്യക സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
ഉദ്ഘാടന പരിപാടിയില്‍ കവി പി. രാമന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം വി.കെ. ജയപ്രകാശ്, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, വി.കെ. ചന്ദ്രന്‍, ടി.ആര്‍. അജയന്‍, ഡോ. സി.പി. ചിത്രഭാനു, രഘുനാഥ് പറളി, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം എന്നിവര്‍ പങ്കെടുക്കും.