ഷാജൻ സ്കറിയക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

  1. Home
  2. MORE NEWS

ഷാജൻ സ്കറിയക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

Shajan


കൊച്ചി: മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിൻറെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയിക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയത്. ഇതോടെ ഷാജനെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയെന്ന നിലപാടിലാണ് പോലീസ്. ഷാജന് വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

ഷാജന്‍ കേരളം വിട്ടെന്ന കണക്കു കൂട്ടലിലാണ് പോലീസ്. ഇയാളുമായി ബന്ധമുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുമുണ്ട്. രണ്ടാഴ്ചയായി ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. എസ് സി -എസ് ടി പീഡന നിരോധന നിയമം അടക്കം കേസില്‍  നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. നേരത്തെയുള്ള ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ ഷാജന്റേത് യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.