ഒമിക്രോൺ പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും തീവ്രമാകുന്നു; വിദഗ്ധ സമിതി

തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ വകഭേദം തീവ്രമാകുമെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി. ജനസാന്ദ്രത കൂടുതലായതിനാൽ, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. അപകടസാധ്യതയുള്ളവർ (പ്രായാധിക്യമുള്ളവർ, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവർ) കേരളത്തിൽ കൂടുതലാണെന്നും ഓർത്തിരിക്കേണ്ടതാണെന്നും വിദഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ പറഞ്ഞു.
മാസ്ക് ധാരണം, ആൾക്കൂട്ട സന്ദർഭങ്ങൾ ഒഴിവാക്കൽ, അടഞ്ഞ മുറികളിലെ (പ്രത്യേകിച്ച് എ സി മുറികളിലെ) വായുസഞ്ചാരം ഉറപ്പാക്കൽ ഇവയാണ് കരുതൽ നടപടികളിൽ പ്രധാനമായും ശ്രദ്ധിക്കാനുള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തെ അനുഭവത്തിൽ കാണാൻ കഴിഞ്ഞത് പല സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ പോലും നിരവധി യോഗങ്ങൾ അടഞ്ഞ ഏ സി മുറികളിൽ നടക്കുന്നതായാണ്.
ഇതുടൻ അവസാനിപ്പിക്കണം. ജനാലകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കാൻ കഴിയാത്ത മുറികളിലും ഹോളുകളിലൂമുള്ള മീറ്റിംഗുകളും ചടങ്ങുകളും പൂർണ്ണമായും ഒഴിവാക്കണം. അത് പോലെ ഇപ്പോൾ തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ ജനാലകളില്ലെങ്കിൽ വാതിലുകളെങ്കിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു.