വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍*

  1. Home
  2. MORE NEWS

വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍*

വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍*


തിരുവനന്തപുരം, ജൂലൈ 5, 2023: സ്വയം പര്യാപ്തരാകാനും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ഭിന്നശേഷിക്കാര്‍ക്ക് കഴിയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡല്‍ഫി സര്‍വകലാശാലയും ചേർന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന, ഭിന്നശേഷിക്കാരുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും പരിശീലനവും വഴി ഭിന്നശേഷിക്കാര്‍ സമൂഹത്തിനു മുതല്‍ കൂട്ടാക്കും: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍*

ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കണം. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സമൂഹം ചെയ്തു കൊടുക്കണം. അങ്ങനെ അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കണം. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും ദൈവാംശമുണ്ട്. അതുപോലെ പലതരത്തിലുമുള്ള കഴിവുകളും. ഭിന്നശേഷിക്കാരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ അത്തരത്തില്‍ കര്‍മനിരതരാക്കണം. അംഗവൈകല്യം എന്ന വാക്ക് തന്നെ തെറ്റാണ്, അതുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി ഈ സമൂഹത്തെ ദിവ്യംഗ ജൻ എന്നു വിശേഷിപ്പിക്കുന്നത്. അതാണ് നമ്മുടെ സംസ്‌കാരം. മുമ്പും പലതവണ മാജിക് അക്കാദമിയിലും ഡിഫറന്റ് ആര്‍ട് സെന്ററിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത് കൊണ്ടാണ് മറ്റ് തിരക്കുകളുണ്ടായിട്ടും ഈ ചടങ്ങിനെത്തിയത്. ഭിന്നശേഷിക്കാരിലെ ദൈവികത്വം കണ്ടെത്തുകയാണ് ഗോപിനാഥ് മുതുകാട് ചെയ്യുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.  ഭിന്നശേഷി സൗഹൃദത്തിലും പരിചരണത്തിലും കേരളം മുന്നിലാണെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സാമൂഹ്യനീതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ഇവരുടെ ഉന്നമനത്തിനും പ്രവര്‍ത്തിച്ചു വരുന്നു. വേര്‍തിരിവുകള്‍ മായ്‌ച്ചെറിഞ്ഞുകൊണ്ട് എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു സമൂഹമാണ് സര്‍ക്കാറിന്റെ  ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ അഗവണന നേരിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഭിന്നശേഷിക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ലോകമെമ്പാടും ഒരു ബില്യണ്‍ ഭിന്നശേഷിക്കാരുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു. ഇതില്‍ തന്നെ 400 ദശലക്ഷം പേര്‍ വികസിത രാജ്യങ്ങളിലാണുള്ളത്. 75 ശതമാനം പേരും തൊഴില്‍ രഹിതരാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 26.8 ദശലക്ഷം ഭിന്നശേഷിക്കാരുണ്ട്. ഇത് മൊത്തം ജനസംഖ്യയുടെ 2.21 ശതമാനമാണ്. വിദൂരഗ്രാമങ്ങളിലാണ് ഇത്തരക്കാര്‍ കൂടുതലുമുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികളില്‍ പകുതി പേരും എല്‍.പി, യു.പി ക്ലാസുകളോടെ പഠനം അവസാനിപ്പിക്കുന്നതായാണ് കണ്ടുവരുന്നതെന്നും ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗോപിനാഥ് മുതുകാട് നടത്തുന്ന ശ്രമങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും നടനുമായ മോഹന്‍ അഗാഷെ മുഖ്യാതിഥി ആയ ചടങ്ങിൽ ഡിഫറന്റ്  ആര്‍ട്‌ സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം ആശംസിച്ചു.  ഫ്രാൻസിലെ ഇൻഷിയയിൽ നിന്നുള്ള ഡോ. ആഗ്‌നസ് കിപ്ഫര്‍, അഡെല്‍ഫി സര്‍വകലാശാല പ്രൊഫസര്‍മാരായ ഡോ. സ്റ്റീഫന്‍ മാര്‍ക്ക് ഷോര്‍, ഡോ.പവന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു . ചടങ്ങില്‍ വെച്ച് സമ്മേളനത്തിന്റെ പ്രോഗ്രാം ചാര്‍ട്ട് ഡോ. സ്റ്റീഫന്‍ ഷോറിന് നല്‍കി ഗവര്‍ണര്‍ പ്രകാശനം ചെയ്തു. എട്ട് സെഷനുകളിലായി ഭിന്നശേഷിക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് ശില്പശാലയും സംവാദവും നടന്നു.