പീപ്പിൾസ് റസ്റ്റ് ഹൗസ്-പൊതുമരാമത്ത് വകുപ്പ് നയം: മന്ത്രി പി.എ മുഹമ്മദ് റിയാസ്* *തത്തമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ബ്ലോക്ക് നിർമ്മാണോദ്ഘാടനം നിർവഹിച്ചു*

പാലക്കാട്. പീപ്പിൾസ് റസ്റ്റ് ഹൗസ് എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ നയമെന്നും ഇത് സാധ്യമാക്കുന്നതിനായി മുഴുവൻ ഇടപെടലുകളും നടത്തുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തത്തമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ പുതിയ ബ്ലോക്ക് നിർമ്മാണോദ്ഘാടനം റസ്റ്റ് ഹൗസ് പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തെ ഏറ്റവും മനോഹരമായ പത്ത് സ്ഥലങ്ങളിൽ ഒന്നായ കൊല്ലങ്കോട് ഉൾപ്പെടുന്ന ചിറ്റൂർ മേഖലക്ക് ടൂറിസം രംഗത്ത് വലിയ സാധ്യതകളാണുള്ളത്. അത് പ്രയോജനപ്പെടുത്തും. പുതിയ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തീകരിച്ച് 2025 ൽ പുതുവത്സര സമ്മാനമായി ചിറ്റൂരിന് നൽകും.
പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തികളിൽ ചീഫ് എൻജിനീയർ നേരിട്ട് മേൽനോട്ടം വഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കോമ്പോസിറ്റ് ടെൻഡർ നടപടികൾക്ക് തുടക്കമിടുകയാണെന്നും മന്ത്രി പറഞ്ഞു. നിർമ്മാണം വൈകുന്നത് പരിഹരിക്കാൻ കേരളം ആഗ്രഹിച്ച പ്രശ്നപരിഹാരമാണിതെന്നും ഇതുവഴി നിർമ്മാണത്തിന് ഒരു ടെൻഡർ ഇലക്ട്രിഫിക്കേഷൻ മറ്റൊരു ടെൻഡർ എന്ന അവസ്ഥയിൽ കെട്ടിടങ്ങൾ കുത്തിപൊളിക്കുന്ന അവസ്ഥ ഇല്ലാതാവുമെന്നും മന്ത്രി വ്യക്തമാക്കി.
*ടൂറിസ്റ്റ് ഹബ്ബ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി*
200 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങളാണ് ചിറ്റൂർ മണ്ഡലത്തിൽ നടക്കുന്നതെന്നും പാലക്കാട് ജില്ലയിലെ പത്ത് ഡാമുകളെയും നെല്ലിയാമ്പതിയെയും ഉൾക്കൊള്ളിച്ചുള്ള ടൂറിസ്റ്റ് ഹബ്ബ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് പരിപാടിയിൽ അധ്യക്ഷനായ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിത, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ്, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ബ്രിട്ടോ, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രിയദർശിനി, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ എൽ. ബീന, സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വപ്രകാശ്, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.