പെരിന്തൽമണ്ണ തിരഞ്ഞെടുപ്പു കേസ്: കൂടുതൽ രേഖകൾ കോടതിയിലേക്ക് കൊണ്ടുപോയി

പെരിന്തൽമണ്ണ∙ ഹൈക്കോടതിയുടെ പരിഗണനയിലുള്ള പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് സബ് ട്രഷറിയിൽ സൂക്ഷിച്ച ചില തിരഞ്ഞെടുപ്പ് രേഖകൾ കൂടി ഹൈക്കോടതിയിലേക്ക് കൊണ്ടുപോയി. ഹൈക്കോടതി നിർദേശപ്രകാരമാണ് വോട്ടർപട്ടികയുടെ മാർക്ക് ചെയ്ത കോപ്പി ഉൾപ്പെടെയുള്ള രേഖകൾ റിട്ടേണിങ് ഓഫിസറായ സബ് കലക്‌ടറുടെ നേതൃത്വത്തിൽ കോടതിയിലേക്കു കൊണ്ടുപോയത്. ഇന്നലെ രാവിലെ സബ് ട്രഷറിയിലെത്തിയ സംഘം രസീത് ഹാജരാക്കി റജിസ്‌റ്ററിൽ ഒപ്പുവച്ച ശേഷമാണ് ട്രഷറിയിൽ സീൽ ചെയ്‌തു സൂക്ഷിച്ച രേഖകൾ കൈപ്പറ്റിയത്. മണ്ഡലത്തിലെ 315 പോളിങ് ബൂത്തുകളിൽ ഉപയോഗിച്ച വോട്ടർ പട്ടികയുടെ മാർക്ക് ചെയ്ത പകർപ്പുകളും അനുബന്ധ രേഖകളുമാണു കൊണ്ടുപോയത്. 23ന് തിരഞ്ഞെടുപ്പ് കേസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇവ എത്തിക്കാൻ കോടതിയുടെ നിർദേശം. നിയമസഭാ തിരഞ്ഞെടുപ്പിൽ 38 .വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം വിജയിച്ചത്. 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ച് ഫലപ്രഖ്യാപനം നടത്തിയതിനെ ചോദ്യം ചെയ്‌ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ.പി.എം.മുസ്‌തഫ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന തപാൽ വോട്ടുകൾ അടങ്ങിയ പെട്ടികൾ അന്വേഷണത്തിനിടെ കാണാതാവുകയും പിന്നീട് മലപ്പുറം സബ് റജിസ്‌ട്രാർ ഓഫിസിൽനിന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.