സംസ്ഥാനത്ത് ട്രാവൽ ലോഞ്ചുകൾ നിർമ്മിക്കാൻ പദ്ധതി : മന്ത്രി പി.എ മുഹമ്മദ് റിയാസ്*

പാലക്കാട്. സംസ്ഥാനത്ത് രണ്ട് വർഷത്തിനകം ട്രാവൽ ലോഞ്ചുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് വലിയ കുതിപ്പ് നേടുന്ന ഈ ഘട്ടത്തിൽ എല്ലാവരെയും യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. വാളയാർ - വട്ടപ്പാറയിൽ ആരംഭിച്ച ട്രാവൽ ലോഗ് പ്രീമിയം ക്ലാസ് റോഡ് സൈഡ് റസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ വെറുതെ കിടക്കുന്ന ഇടങ്ങൾ ഇത്തരം പദ്ധതികൾക്കായി ഉപയോഗിക്കാൻ ആലോചനയുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡിസൈൻ വർക്ക്ഷോപ്പിൽ ലോകപ്രശസ്ത ഡിസൈനർ - ആർക്കിടെക്മാർ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ പാലങ്ങൾക്ക് അടിയിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ വയോജന പാർക്ക്, ട്രാവൽ ലോഗ്, കുട്ടികളുടെ പാർക്ക്, കംഫർട്ട് സ്റ്റേഷൻ എന്നിവ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശമാണ് സംഘം അറിയിച്ചത്. ഇത് സർക്കാർ പരിഗണിക്കും. സഹകരണ - പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹായവും പദ്ധതിക്കായി സർക്കാർ തേടുന്നുണ്ട്. എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത, ട്രാവലോഗ് എം.ഡി പി.ടി സഫീർ, വ്യവസായികളായ ഗോഗുലം ഗോപാലൻ, അബ്ദുൾ അസീസ് ചോവഞ്ചേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.