പൊതുവിപണിയിലെ വിലവര്‍ധനവ്: സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടങ്ങി* *എട്ട് സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി*

പാലക്കാട്. പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ/താലൂക്ക് തല സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. ജൂണ്‍ 17, 19 തീയതികളില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 45 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ എട്ട് സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മറിച്ച് വില്‍പ്പന എന്നിവ തടയുന്നതിനും വിലവര്‍ധനവ് പിടിച്ചുനിര്‍ത്തുന്നതിനുമായി കര്‍ശന പരിശോധന നടത്താന്‍ പൊതുവിതരണ ഉപഭോക്തൃകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
പൊതുവിതരണ-ഭക്ഷ്യസുരക്ഷാ-ലീഗല്‍ മെട്രോളജി-റവന്യൂ-പോലീസ്-ജി.എസ്.ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സ്ഥാപന ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.