ചെര്‍പ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ക്ക് തുടക്കം: മന്ത്രി എം.ബി രാജേഷ്

ചെര്‍പ്പുളശ്ശേരിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതായി തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡിന്റെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2015 ല്‍ എം.പിയായിരുന്ന സമയത്താണ് പുതിയ ബസ് സ്റ്റാന്‍ഡിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചതെന്നും മന്ത്രി പറഞ്ഞു. ചെര്‍പ്പുളശ്ശേരി ടൗണ്‍ നവീകരണത്തിന് മാത്രം 28 കോടിയിലധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ അനുവദിച്ചത്. അഞ്ച് കോടി രൂപയാണ് ചെര്‍പ്പുളശ്ശേരി സ്‌കൂളിന് അനുവദിച്ചത്. പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരുകാലത്തും ഇല്ലാത്തവിധം സാമ്പത്തിക ഞെരുക്കം നേരിടുമ്പോഴും പൊതുസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തിന്റെ തനത് വരുമാനം 62 ശതമാനമായി ഉയര്‍ന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. കിഫ്ബി കേരളത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. ക്ഷേമപ്രവര്‍ത്തനങ്ങളിലും മികച്ച ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. 64 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്.
കേരളത്തിലുള്ള വിഹിതത്തില്‍ വെട്ടിക്കുറക്കല്‍ ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ വളര്‍ച്ച ഇതിലും ഉയര്‍ന്നതാകുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പദ്ധതി വിഹിതം നല്‍കുന്ന സംസ്ഥാനം കേരളമാണ്. പ്രാദേശിക തനത് വരുമാന സ്ഥാപനങ്ങളായ തദ്ദേശ സ്ഥാപനങ്ങള്‍ വരുമാനം കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം. അവരെ സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായി. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സഫ്ന പാറക്കല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.