ശബരിമല സീസൺ : താൽക്കാലിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങി

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവകാലയളവിൽ താൽക്കാലിക പോലീസ് സ്റ്റേഷനുകൾ സന്നിധാനം, നിലക്കൽ, വടശ്ശേരിക്കര എന്നിവടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. മൂന്നിടങ്ങളിലും ഇന്ന് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് പ്രവർത്തനം ഉത്ഘാടനം ചെയ്തു. വടശ്ശേരിക്കരയിൽ രാവിലെ 10 മണിക്കും, നിലക്കലിൽ 11.15 നും, സന്നിധാനത്ത് വൈകിട്ട് 5 മണിക്കുമാണ് പോലീസ് സ്റ്റേഷനുകളുടെ ഉത്ഘാടനം നടന്നത്. കൂടാതെ ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് കൺട്രോൾ റൂമും തുറന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ രാവിലെ ഉത്ഘാടനം നിർവഹിച്ചു. സന്നിധാനം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ആയി എസ് ഐ ബി എസ് ശ്രീജിത്തും, നിലക്കൽ എസ് എച്ച് ഓ ആയി എസ് ഐ സായി സേനനും , വടശ്ശേരിക്കര എസ് എച്ച് ഓ ആയി എസ് ഐ കെ സുരേന്ദ്രനും ചുമതലയേറ്റു. ഒന്നാം ഘട്ടത്തേക്കുള്ള പോലീസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട താൽക്കാലിക പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ആരംഭിച്ചു. പോലീസ് മെസ്സ്, ബാരക്കുകകൾ തുടങ്ങിയ ഇടങ്ങളിൽ സന്ദർശനം നടത്തിയ ജില്ലാ പോലീസ് മേധാവി ഒരുക്കങ്ങൾ വിലയിരുത്തി.
ശബരിമല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് നാളെ എത്തും. രാവിലെ 11 ന് നിലക്കലിൽ ഹെലികോപ്റ്ററിൽ എത്തുന്ന അദ്ദേഹം തുടർന്ന് 12 മണിയോടെ പമ്പയിലെത്തിച്ചേരും.