ഇടിക്കാൻ പഠിപ്പിച്ചു പൊലീസ്, ഒപ്പത്തിനൊപ്പം കുട്ടികളും

പാങ്ങോട്: മന്നാനിയാ കോളേജിലെ പെൺകുട്ടികൾക്കു സ്വയം പ്രതിരോധത്തിന്റെ അടവുകൾ പകർന്നു കേരള പോലീസ്. 'ഇടിച്ചു മൂക്കാംമണ്ട കലക്കും' എന്ന രസകരമായ തലക്കെട്ടോടെ പൊലീസ് സംഘടിപ്പിച്ചു വരുന്ന പരിപാടിയിൽ പങ്കെടുക്കാൻ പരീക്ഷ തിരക്കിനിടയിലും ടെ നിരവധി കുട്ടികളെത്തി. കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെൻറ് കോർപ്പറേഷനും കേരള പോലീസും മന്നാനിയ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ കോമേഴ്‌സ് വിഭാഗം മേധാവി ഡോ. സുമ ഉദ്ഘാടനം ചെയ്തു.
നോ പറയേണ്ട ഇടങ്ങളിൽ തന്റേടത്തോടെ അത് പറയുക തന്നെ വേണമെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ പാങ്ങോട് പൊലീസ് സ്റ്റേഷൻ എസ്ഐ അജയൻ അഭിപ്രായപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആയിരിക്കണമെന്നും പെരുമാറ്റ രീതിയിലെ നല്ലതും ചീത്തയും തിരിച്ചറിയാൻ കുട്ടികൾ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധത്തിന്റെ അടവുകളുടെ മാതൃകകൾ കാണിച്ചതിനോടൊപ്പം വിശദമായ ക്ലാസും കേരള പൊലീസ് സെൽഫ് ഡിഫെൻസ് ടീം കുട്ടികൾക്കു നൽകി. കോളേജ് സൂപ്രണ്ട് കടയ്ക്കൽ ജുനൈദ്, അധ്യാപകരായ ഡോ. ജസീന്ത, ഡോ. ദിൽഷാദ് ബിൻ അഷ്‌റഫ്, ഡോ. ഷിജിന, ഡോ. സിനി വി. എൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.