ആരാധ്യനായ ഉമ്മന്‍ചാണ്ടിക്ക്, സ്നേഹത്തോടെ... പി.ആർ.സുമേരൻ

  1. Home
  2. MORE NEWS

ആരാധ്യനായ ഉമ്മന്‍ചാണ്ടിക്ക്, സ്നേഹത്തോടെ... പി.ആർ.സുമേരൻ

ആരാധ്യനായ  ഉമ്മന്‍ചാണ്ടിക്ക്, സ്നേഹത്തോടെ... പി.ആർ.സുമേരൻ


ഉമ്മൻ ചാണ്ടിയുടെ സ്നേഹവും കരുതലും നേരിട്ട് അനുഭവിച്ച ഒരോര്‍മ്മ  ഞാന്‍ പങ്കുവെയ്ക്കുന്നു. എന്‍റെ അയല്‍വാസിയായിരുന്ന രജിമോള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്  ഉമ്മന്‍ചാണ്ടി 3 ലക്ഷം രൂപ നല്‍കിയത് കൊച്ചി ബ്യൂറോയില്‍ ജനയുഗത്തിന്‍റെ സീനിയര്‍ റിപ്പോര്‍ട്ടറായി ഞാന്‍ ജോലിചെയ്യുന്ന സമയത്ത് നല്‍കിയ ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു. ചികിത്സാ സഹായത്തിനായി രജിമോളുടെ കുടുംബം മുട്ടാത്ത വാതിലുകളില്ല. ചികിത്സാ സഹായനിധി രൂപീകരിച്ചെങ്കിലും കാര്യമായി ഒന്നും സ്വരൂപിക്കാനായില്ല. എം.എല്‍. എയും എം.പി യും കൈയ്യൊഴിഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആശുപത്രിയില്‍ ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ രജിമോള്‍ കഴിയുമ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ കൊടുത്തത്. ഒടുവില്‍ ആശുപത്രിയും ചികിത്സാ ഇളവുകള്‍ നല്‍കി. ഉമ്മന്‍ചാണ്ടിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി ടി ചാക്കോ സാറായിരുന്നു. രണ്ട് ദിവസം കൊണ്ട് ആ ഫയല്‍ ഉമ്മന്‍ചാണ്ടി തീര്‍പ്പാക്കി രജിമോള്‍ക്ക് ഫണ്ട് അനുവദിച്ചു.  ഒന്ന് തിരിഞ്ഞ് നോക്കാന്‍പോലും സന്മനസ്സ് കാണിക്കാതിരുന്ന എം എല്‍ എ യും എം പി യും രജിമോള്‍ക്ക് ഫണ്ട് കൈമാറാന്‍ കളക്ട്രേറ്റില്‍ മത്സരിച്ചത് മറ്റൊരു കഥ. എന്നാല്‍ പണം കൊണ്ട് ഒന്നും നേടാനാവില്ലെന്ന ഉത്തരം മാത്രം ബാക്കിയാക്കി കുറച്ച് മാസങ്ങള്‍ക്കുശേഷം രജിമോള്‍ വിടപറഞ്ഞു. മാധ്യമ പ്രവര്‍ത്തന രംഗത്ത് ചെയ്യാന്‍ കഴിഞ്ഞ സത്പ്രവര്‍ത്തിയായി തന്നെയാണ് ഞാന്‍ ഈ വാര്‍ത്തയെ കാണുന്നത്. ഈ വാര്‍ത്തയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ജനയുഗം എഡിറ്റര്‍ സഖാവ് ബിനോയ് വിശ്വം പ്രസിദ്ധീകരിച്ചതിലും സന്തോഷമുണ്ട്. ജനയുഗത്തിന്‍റെ ബ്യൂറോ ചീഫ് ആര്‍ ഗോപകുമാര്‍, ഫോട്ടോഗ്രാഫര്‍ എം.എ ശിവപ്രസാദ് എന്നിവരെയും ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുന്നു.