രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്

  1. Home
  2. MORE NEWS

രോഹിത് വെമുലയുടെ ഓർമകൾക്ക് ഇന്ന് ആറ് വയസ്

ROHITH


രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമായ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ഈ വ്യവസ്ഥിതിയോട് പോരാടാനാകാതെ ജീവനൊടുക്കിയത്. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ.

'ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം.... ' കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ഇതായിരുന്നു. ഇന്ത്യന്‍ ജനതയുടെ ചിന്താ രീതികള്‍ക്കെതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ പോരാട്ടവുമായിരുന്നു ആ മരണവും. ഉന്നതവിദ്യാഭ്യാസരംഗത്ത് കൊടികുത്തിവാഴുന്ന ജാതീയ വേര്‍തിരിവുകള്‍ക്കെതിരായ പോരാട്ടത്തിനൊടുവില്‍ അയാള്‍ തോല്‍വി സമ്മതിച്ചു.

ദളിതര്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരായ ഏറ്റവും വലിയ പ്രതിഷേധം കൂടിയായിരുന്നു രോഹിതിന്റെ ആത്മഹത്യ. ഏറ്റവും കഷ്ടപ്പെട്ട് രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷകവിദ്യാര്‍ത്ഥിയായി. എന്നാല്‍ സര്‍വകലാശാലയില്‍ നേരിടേണ്ടി വന്ന അവഗണയ്ക്കും വിവേചനത്തിനും എതിരെ പിടിച്ചു നില്‍ക്കാനായില്ല.

എന്നാല്‍ രോഹിത് വെമുലയുടെ മരണം രാജ്യത്തെ കലാലയങ്ങളേയും തെരുവുകളേയും ഇളക്കിമറിച്ചു. പ്രതിഷേധങ്ങളുടെ വേലിയേറ്റങ്ങള്‍ ഉണ്ടായി. ദളിത് രാഷ്ട്രീയം ഒരിക്കല്‍ കൂടി രാജ്യമെങ്ങും ചര്‍ച്ചചെയ്യപ്പെട്ടു.