ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം തിരുവനന്തപുരത്ത് ഒക്ടോബര്‍ ഒന്നിന്

  1. Home
  2. MORE NEWS

ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം തിരുവനന്തപുരത്ത് ഒക്ടോബര്‍ ഒന്നിന്

ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം തിരുവനന്തപുരത്ത് ഒക്ടോബര്‍ ഒന്നിന്


തിരുവന്തപുരം: എസന്‍സ് ഗ്ലോബലിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ചിന്തകരും നാസ്തികരും സംഘടിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്-23 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 8.45 മുതല്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ മേഖലകളിലുള്ള പ്രഭാഷകര്‍ പങ്കെടുക്കും. ഇത്തവണ ശ്രദ്ധേയമാവുന്നത് വിവിധ വിഷയങ്ങളിലെ സംവാദങ്ങള്‍ മുന്‍ നിര്‍ത്തിയാണ്. ഹിന്ദുത്വ ഇന്ത്യയ്ക്ക് അപകടമോ?, ഇസ്ലാം അപരവത്കരണവും ഫോബിയയും, നവ ലിബറല്‍ നയങ്ങള്‍ ഗുണമോ ദോഷമോ?, ഏകസിവില്‍ കോഡ് ആവശ്യമുണ്ടോ? എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍  സംഘടിപ്പിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തിന് അപകടമോ' എന്ന സംവാദത്തില്‍, എഴുത്തുകാരനും പ്രഭാഷകനുമായ സി.രവിചന്ദ്രനും, ബിജെപി വക്താവ് സന്ദീവ് വാചസ്പതിയുമാണ് മാറ്റുരക്കുന്നത്.'നവലിബറല്‍ ആശയങ്ങള്‍ ഗുണമോ ദോഷമോ', എന്നതാണ് ലിറ്റ്മസില്‍ നടക്കുന്ന അടുത്ത സംവാദം. സ്വന്തന്ത്രചിന്തകന്‍ അഭിലാഷ് കൃഷ്ണനും, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി ടി.കെ ദേവരാജനുമാണ് ഇതില്‍ സംവദിക്കുന്നത്. 'ഇസ്ളാം: അപരവത്കരണവും ഫോബിയയും' എന്ന വിഷയത്തില്‍ സ്വതന്ത്രചിന്തകന്‍ ആരിഫ് ഹുസൈന്‍ തെരുവത്തും, മലപ്പുറം എടവണ്ണ ജാമിഅഃ നദ്വിയ്യഃ അറബിക് കോളജിന്റെ ഡയറക്ടര്‍ ആദില്‍ അതീഫ് സ്വലാഹിയും പങ്കെടുക്കും. കൂടാതെ മനുജ മൈത്രി (ഡംപ് ഹെര്‍), ജെയിംസ് കുരീക്കാട്ടില്‍ (വിശുദ്ധ അശ്ലീലങ്ങള്‍), പത്താം മാനം (പൗലോസ് തോമസ്), വേഷം മാറുന്ന ദൈവങ്ങള്‍ (ടോമി സെബാസ്റ്റിയന്‍) എന്നിവരുടെ പ്രസന്റേഷനുകളും നടക്കും. ഇരകളുടെ സുവിശേഷം എന്ന ചര്‍ച്ചാ പരിപാടിയില്‍ അബ്ദുല്‍ ഖാദര്‍ പുതിയങ്ങാടി, ടി.ജെ. ജോസഫ്, യാസിന്‍ ഒമര്‍ എന്നിവരും, ഭീതി വ്യാപാരം-ശാസ്ത്ര-മനശാസ്ത്ര ചര്‍ച്ചയില്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. കെ.എം. ശ്രീകുമാര്‍, പ്രീതി പരമേശ്വരന്‍ എന്നിവരും പങ്കെടുക്കും. പരിണാമത്തെ സംബന്ധിച്ച് എന്തും ചോദിക്കാനായി ജീന്‍ ഓണ്‍ എന്ന ചോദ്യോത്തര പരിപാടി ഉച്ചയ്ക്ക് ശേഷം 2.10ന് നടക്കും. ആര്‍. ചന്ദ്രശേഖര്‍, ദിലീപ് മാമ്പള്ളി, നിഷാദ് കൈപ്പിള്ളി, കൃഷ്ണ പ്രസാദ്, ടി.ആര്‍. ആനന്ദ് എന്നിവര്‍ പങ്കെടുക്കും. രാസ-മെഡിക്കല്‍ ഭീതി വിഷയമാക്കുന്ന ആയുഷ്മാന്‍ ഭവ: എന്ന സംഭാഷണ പരിപാടിയില്‍ ഡോ. അബി ഫിലിപ്പ്, ഡോ. കാനാ സുരേശന്‍ എന്നിവര്‍ പങ്കെടുക്കും. സമകാലിക കേരള സമൂഹത്തിന്റെ നേര്‍ചിത്രത്തെ കുറിച്ചുള്ള ആക്ഷേപ ഹാസ്യ പരിപാടിയായ ദ റിയല്‍ കേരള സ്റ്റോറി എന്ന സ്‌കിറ്റ് അവതരണവും തുടര്‍ന്ന് ഡിജെ പാര്‍ട്ടിയും നടക്കും. എസന്‍സ് ഗ്ലോബല്‍ പ്രസിഡന്റ് ആര്‍.ബി. ശ്രീലേഖ സ്വാഗതം ആശംസിക്കും.