ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു

  1. Home
  2. NATIONAL NEWS

ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു

President


ഡൽഹി: ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ വ്യക്തമായ ആധിപത്യത്തോടെയാണ് ദ്രൗപദി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിൻഹയ്‍ക്കെതിരെ വിജയം നേടിയത്. ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ദ്രൗപദി മുർമു.
ഇന്നലെ ഉച്ചയോടെയാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആകെയുള്ള 3,219 വോട്ടുകളിൽ മുർമുവിന് 2,161 വോട്ടുകളും യശ്വന്ത് സിൻഹയ്ക്ക് 1,058 വോട്ടുകളും ലഭിച്ചു. പാർലമെന്റ് അംഗങ്ങളുടെ വോട്ടാണ് ആദ്യം എണ്ണിയത്. പോൾ ചെയ്ത 748 വോട്ടുകളിൽ 540 വോട്ടുകൾ ദ്രൗപദിക്ക് ലഭിച്ചു. യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടാണ് ലഭിച്ചത്.
5.2 ലക്ഷമാണ് എം.പിമാരുടെ വോട്ടുകളുടെ മൂല്യം. ഇത് അനുസരിച്ച് ദ്രൗപദിക്ക് 3.8 ലക്ഷം മൂല്യമുള്ള വോട്ടും യശ്വന്ത് സിൻഹയ്ക്ക് 1.4 ലക്ഷം മൂല്യത്തിന്റെ വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. കേരളമടക്കം സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെ വോട്ടണ്ണൽ പൂർത്തിയായപ്പോൾ തന്നെ ദ്രൗപദി വിജയമുറപ്പിച്ചിരുന്നു. എന്നാല്‍, കേരളത്തിൽ നിന്നുള്ള ഒരു വോട്ട് ദ്രൌപദി മുർമുവിനാണ് ലഭിച്ചത്. ഇതാരാണ് ചെയ്തത് എന്ന് വ്യക്തമായിട്ടില്ല.
ആകെ 4,025 എം.എൽ.എമാർക്കും 771 എം.പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്തു. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മുഖ്യവരണാധികാരിയായ രാജ്യസഭാ സെക്രട്ടറി പി.സി മോദിയാണ് ഫലം പ്രഖ്യാപിച്ചത്.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽനിന്നുള്ള സന്താൾ ഗോത്രവർഗക്കാരിയാണ് ദ്രൗപദി. 2000ത്തിന്റെ തുടക്കത്തിൽ തന്നെ ബി.ജെ.പിയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമാണ്. 2000 മാർച്ച് ആറിന് ഒഡിഷയിൽ അധികാരമേറ്റ ബി.ജെ.പി-ബിജു ജനതാദൾ സഖ്യസർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗത മന്ത്രിയായിരുന്നു. രണ്ടു വർഷത്തിനുശേഷം ഫിഷറീസ്, ആനിമൽ റിസോഴ്സസ് മന്ത്രിയായി.
2015ലാണ് ഝാർഖണ്ഡിന്റെ ഒൻപതാമത്തെ ഗവർണറായി ദ്രൗപദി നിയമിതയാകുന്നത്. ഝാർഖണ്ഡിന്റെ ആദ്യത്തെ വനിതാ ഗവർണറുമായിരുന്നു അവർ. രാജ്യത്ത് ഗവർണർ പദവിയിലെത്തുന്ന ഒഡിഷയിൽനിന്നുള്ള ആദ്യത്തെ വനിതയും ഗോത്രനേതാവുമെന്ന പ്രത്യേകതയും ദ്രൗപദിക്കു സ്വന്തമാണ്.