വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗക്കേസ് നൽകുന്നത് ന്യായീകരിക്കാനാവില്ല; സുപ്രീംകോടതി

  1. Home
  2. NATIONAL NEWS

വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗക്കേസ് നൽകുന്നത് ന്യായീകരിക്കാനാവില്ല; സുപ്രീംകോടതി

Supreme court


ഡൽഹി: വർഷങ്ങളോളം ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാൽസംഗക്കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്നു സുപ്രിംകോടതി. പ്രതിക്ക് മുൻ‌കൂർജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിനി നൽകിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. നാല് വർഷം ഒരുമിച്ചു താമസിക്കുകയും ഒരു കുട്ടി ജനിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിക്ക് മുൻ‌കൂർജാമ്യം അനുവദിക്കാനാവില്ലെന്നാണ് രാജസ്ഥാൻ ഹൈക്കോടതി വിധിച്ചത്. വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെയും ജസ്റ്റിസ് വിക്രം നാഥിന്‍റെയും നിരീക്ഷണം.
എന്നാല്‍ ഒരുമിച്ച് ജീവിച്ച് നാല് വര്‍ഷത്തിന് ശേഷം തങ്ങളുടെ ബന്ധം തകര്‍ന്നെന്നും അതിനുശേഷം പൊലീസില്‍ പരാതി നല്‍കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നും യുവാവ് വാദിച്ചു. ബന്ധം തകരുമ്പോള്‍ ബലാത്സംഗക്കുറ്റം ആരോപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. പ്രതിക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. അതേസമയം പൊലീസിന് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ജാമ്യം നല്‍കി നടത്തിയ നിരീക്ഷണങ്ങള്‍ അന്വേഷണത്തെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഈ നിരീക്ഷണം ബലാത്സംഗം കുറ്റം ആരോപിക്കപ്പെടുന്ന കേസുകളിൽ നിർണായകമായേക്കാം. സാമാനമായ രീതിയിലുള്ള നിരീക്ഷണം നേരത്തെ കേരള ഹൈക്കോടതിയുടെ ഭാഗത്തു നിന്നും വന്നിരുന്നു. നടനും നിർമാതാവമായ വിജയ്ബാബുവിനെതിരായ ബലാത്സംഗ പരാതി പരിഗണിക്കവേ ആയിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം.