മകരവിളക്ക് നാളെ, എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

  1. Home
  2. NATIONAL NEWS

മകരവിളക്ക് നാളെ, എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

മകരവിളക്ക് ശനിയാഴ്ച


ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ ഭക്തജന ലക്ഷങ്ങൾക്ക് ഇരട്ടി സായൂജ്യമേകി ജനുവരി 14ന് ശനിയാഴ്ച പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ശനിയാഴ്ചയാണ്.  
തിരുവാഭരണ ഘോഷയാത്രാ സംഘത്തെ വൈകീട്ട് 5.30ന് ശരംകുത്തിയിൽവെച്ച് ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടിൽവെച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ. അനന്തഗോപൻ, ബോർഡ് മെമ്പർ അഡ്വ. എം.എസ് ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കും.
തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക. രാത്രി 8.45നാണ് ഏറ്റവും വിശേഷപ്പെട്ട മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകും. തുടർന്ന് തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം നടക്കും.
ശനിയാഴ്ച ഉച്ച 12 മണി വരെ മാത്രമായിരിക്കും ഭക്തർക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് ഭക്തരാണ് തമ്പടിച്ചിരിക്കുന്നത്. ജ്യോതി ദർശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിച്ചു. തുടർന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകൾ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ നടന്നു.

ജ്യോതി ദർശനത്തിനു ശേഷം സാവധാനം മലയിറങ്ങാം

മകരജ്യോതി ദർശന ശേഷം അയ്യപ്പഭക്തരുടെ മലയിറക്കത്തിനായി പാണ്ടിത്താവളത്തു നിന്നും സമീപ ഇടങ്ങളിൽ നിന്നുമായി രണ്ട് പാതകൾ ക്രമീകരിച്ച് പോലീസ്. ഏറ്റവും സൗകര്യപ്രദമായി മകരജ്യോതി ദർശിക്കാവുന്ന പാണ്ടിത്താവളത്താണ് ഏറ്റവും കൂടുതൽ ഭക്തരുടെ തിരക്ക് പോലീസ് പ്രതീക്ഷിക്കുന്നത്. നൂറ്റെട്ട് പടി, തിരുമുറ്റം തുടങ്ങിയ ഇടങ്ങളിലും ഭക്തർ മകരജ്യോതി ദർശനത്തിനായി നില ഉറപ്പിക്കും. പാണ്ടിത്താവളം വാട്ടർ ടാങ്ക്, മാഗുണ്ട അയ്യപ്പനിലയം തുടങ്ങിയ ഇടങ്ങളിലും സമീപ കേന്ദ്രങ്ങളിലും തമ്പടിച്ച ഭക്തർ പാണ്ടിത്താവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ഇൻസിനറേറ്ററിന്റെയും അന്നദാനമണ്ഡപത്തിന്റെയും പിറകിലൂടെ ബെയിലി പാലം വഴി സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിക്കണം. നൂറ്റെട്ട്പടി ആരംഭിക്കുന്നിടത്തു നിന്ന് തിരിഞ്ഞ് ഭക്തർ മകരജ്യോതി ഗസ്റ്റ് ഹൗസിന് പിറകിലൂടെ പുതിയ ട്രാക്ടർ റോഡിലൂടെ എത്തി മലയിറങ്ങുന്ന രീതിയിലാണ് രണ്ടാമത്തെ പാത ക്രമീകരിച്ചിട്ടുള്ളത്.
തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി ഭക്തരുടെ മടക്കയാത്ര സാധ്യമാക്കും. ഈ സമയം ഇതുവഴിയുള്ള ട്രാക്ടർ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല. യാത്ര ഒറ്റദിശയിലേക്ക് ക്രമീകരിക്കും.
രണ്ടായിരത്തോളം പോലീസുദ്യോഗസ്ഥരെയാണ് സന്നിധാനത്ത് വിന്യസിച്ചിട്ടുള്ളത്. കൂടുതൽ പോലീസിനെ എത്തിക്കേണ്ടി വന്നാൽ അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തെത്തുന്ന ഭക്തരടക്കം ഒന്നരലക്ഷത്തിനടുത്ത് ആളുകൾ മകരവിളക്കാഘോഷത്തിനായി സന്നിധാനത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഈ തിരക്ക് മുന്നിൽ കണ്ടാണ് ഭക്തരുടെ മടക്കത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. മകരവിളക്ക് ദിവസം ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.

മടക്കയാത്രയ്ക്ക് 1000 അധിക സർവീസുകളുമായി കെഎസ്ആർടിസി

മകരവിളക്ക് ദർശനത്തിനു ശേഷം മടങ്ങുന്ന അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി 1000 അധിക സർവീസുകൾ നടത്തും. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരുടെ യാത്രാക്ലേശമൊഴിവാക്കാനുള്ള നടപടി. ദീർഘദൂര സർവീസിന് 795 ബസും പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 205 ബസുമാണ് ഉണ്ടാവുക. 
മകര വിളക്ക് ദിവസം രാവിലെയാണ് ബസുകൾ എത്തുക. വൈകിട്ട് മുതൽ അധിക സർവീസുകൾ ആരംഭിക്കും. 250 ബസുകൾ പമ്പയിൽ ക്രമീകരിക്കും. ത്രിവേണിയിൽ നിന്നാരംഭിക്കുന്ന ചെയിൻ സർവീസ് ഹിൽടോപ്പ് ചുറ്റി നിലയ്ക്കൽ വരെ ഉണ്ടാകും. 400 ബസുകൾ ഇതിനായി ഉപയോഗിക്കും. നിലയ്ക്കലിൽ ആറാമത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ 100 ബസുകൾ ക്രമീകരിക്കും.
ചെയിൻ സർവീസിന്റെ ആദ്യ റൗണ്ടിൽ 400 ബസുകൾ ഉപയോഗിക്കും. രണ്ടാം റൗണ്ട് മുതൽ ഭക്തരുടെ എണ്ണം കണക്കാക്കിയായിരിക്കും സർവീസ്. ഇതിനൊപ്പം ദീർഘദൂര സർവീസുകളും ആരംഭിക്കും. ചെയിൻ സർവീസിന്റെ രണ്ടാം റൗണ്ടിൽ കുറഞ്ഞത് 200 ബസുകൾ ഓടിക്കും. നിലയ്ക്കൽ മുതൽ ഇലവുങ്കൽ വരെയുള്ള ഭാഗത്ത് ദീർഘദൂര സർവീസുകൾക്കായി 50 ബസുകൾ സജ്ജമാക്കി നിർത്തും. പമ്പയിൽ നിന്ന് ദീർഘ ദൂര സർവീസുകൾക്കായുള്ള ബസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് ഈ ബസുകൾ പമ്പയിലേക്കെത്തിക്കും.
തുലാപ്പിള്ളി, ചെങ്ങന്നൂർ, എരുമേലി, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം കൊട്ടാരക്കര തുടങ്ങി മറ്റിടങ്ങളിൽ ക്രമീകരിച്ച് നിർത്തുന്ന ബസുകളും രാത്രിയോടെ ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് ആരംഭിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളിലായി ബസുകൾ ക്രമീകരിച്ച് ആവശ്യാനുസരണം പമ്പയിലേക്കെത്തിച്ച് സർവീസ് നടത്തുന്നത്.
സ്വന്തം ബസുകൾ ഗതാഗത കുരുക്കുണ്ടാക്കിയാൽ നിരീക്ഷിച്ച് തുടർ നടപടി സ്വീകരിക്കാനും കെഎസ്ആർസി സംവിധാനമൊരുക്കിയിട്ടുണ്ട്. മെക്കാനിക്കും ഡ്രൈവറും ഉൾപ്പെടുന്ന സംഘം ഇരുചക്ര വാഹനത്തിൽ നിരത്തിലുണ്ടാകും. ഏതെങ്കിലും വാഹനത്തിൽ പകരം ഡ്രൈവറെ നിയോഗിക്കേണ്ടി വന്നാൽ ഇരു ചക്രവാഹനത്തിലെത്തുന്ന ഡ്രൈവർ തുടർ സേവനം ഏറ്റെടുക്കും.
നിലവിൽ പമ്പയിലേക്ക് മറ്റ് ഡിപ്പോകളിൽ നിന്ന് നടന്നു വരുന്ന ബസ് സർവീസുകൾക്ക് പുറമെ ഇരുന്നൂറ്റിയെഴുപതോളം ബസുകൾ എത്തിച്ചാണിപ്പോൾ സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ 205 എണ്ണം ചെയിൻ സർവീസിനായും 65 എണ്ണം ദീർഘദൂര സർവീസിനായും ഉപയോഗിക്കുന്നു. ഇതിൽ യന്ത്ര തകരാറിന് സാധ്യതയുള്ള ഇരുപതോളം ബസുകൾ പമ്പയിൽ നിന്ന് തിരികെ അയയ്ക്കുമെന്നും മറ്റ് ഡിപ്പോകളിൽ നിന്നടക്കം അഞ്ഞൂറോളം ബസ് സർവീസുകൾ നടന്ന് വരുന്നതായും കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ ഓഫീസർ ഷിബു കുമാർ അറിയിച്ചു.