രാഷ്ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് രാവിലെ 10 മുതല്‍

ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെതിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. പാര്‍ലമെന്റ് മന്ദിരത്തിലും നിയമസഭാമന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ് നടക്കുക.
പാര്‍ലമെന്റില്‍ 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പുകേന്ദ്രം. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ ഉണ്ടാവുക. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പ് നടത്തുന്നത്. രാജ്യസഭാ സെക്രട്ടറി ജനറലാണ് ഇക്കുറി വരണാധികാരി.
അതേസമയം, ഇന്ന് പാര്‍ലമെന്റ് വര്‍ഷകാലസമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം നടക്കുക. എന്‍ഡിഎ സഖ്യവും പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രപതി തെരഞ്ഞെടുപ്പിനും വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും.ഡിജിറ്റല്‍ മേഖലയില്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്ന നിര്‍ണായക ബില്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.