തടവുകാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാനൊരുങ്ങി ഈ സംസ്ഥാനം

ബെംഗളൂരു: ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് സർക്കാർ നിശ്ചയിക്കുന്ന മിനിമം വേതനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശനിയാഴ്ച അറിയിച്ചു. പുതിയ കർണാടക ജയിൽ വികസന ബോർഡിന്റെ ആദ്യ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് മിനിമം വേതനം നൽകുന്നതിന് ഏഴ് കോടി രൂപ അധിക ബജറ്റ് ആവശ്യമായതിനാൽ ഇത് സംബന്ധിച്ച നിർദ്ദേശം ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ജ്ഞാനേന്ദ്ര പറഞ്ഞു.
ജയിലുകളിൽ ലഭ്യമായ മനുഷ്യശേഷി വിനിയോഗിക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. നിലവിൽ ജയിലുകളിൽ വ്യവസായവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജയിലുകളിൽ ലഭ്യമായ മനുഷ്യവിഭവശേഷി നന്നായി ഉപയോഗപ്പെടുത്തുന്നത്തിലൂടെ അതിനൊരു കോർപ്പറേറ്റ് ടച്ച് നൽകുക എന്നതാണ് ഇപ്പോഴത്തെ ആശയമെന്നും ജ്ഞാനേന്ദ്ര പറഞ്ഞു.
ഇതേക്കുറിച്ച് വിശദമായ നിർദേശം സമർപ്പിക്കാൻ ജയിൽ വികസന ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി വിശദീകരിച്ചതുപോലെ, ജയിലുകളിൽ നിരവധി തടവുകാർ പൂന്തോട്ടപരിപാലനം, തൂത്തുവാരൽ, മോപ്പിംഗ്, മരപ്പണി തുടങ്ങി വിവിധ ദൈനംദിന ജോലികൾ ചെയ്യുന്നുണ്ട്. ചട്ടം അനുസരിച്ച്, തടവുകാർക്ക് അവരുടെ വരുമാനത്തിന്റെ 50% കാപ്പി, ചായ, ലഘുഭക്ഷണം, പോസ്റ്റ്കാർഡുകൾ തുടങ്ങിയ വ്യക്തിഗത ചെലവുകൾക്കായി കാന്റീനിൽ നൽകുന്ന കൂപ്പണുകൾ വഴി ചെലവഴിക്കാം. അവരുടെ സമ്പാദ്യം അടുത്ത ബന്ധുക്കൾക്ക് അയയ്ക്കാനും അവർക്ക് അനുവാദമുണ്ട്. ബാക്കി 50% വേതനം റിലീസ് സമയത്ത് നൽകപ്പെടും