ജി എസ്.ടി ഗുണമുണ്ടാക്കിയത് കമ്പനികള്‍ക്ക്; ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നഷ്ടം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

  1. Home
  2. NATIONAL NEWS

ജി എസ്.ടി ഗുണമുണ്ടാക്കിയത് കമ്പനികള്‍ക്ക്; ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നഷ്ടം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

എസ്.ടി ഗുണമുണ്ടാക്കിയത് കമ്പനികള്‍ക്ക്;  ജനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നഷ്ടം: മന്ത്രി കെ.എന്‍ ബാലഗോപാല്‍


തൃത്താല. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആഢംബര വസ്തുക്കളുടെ നികുതി കുറച്ചതിലൂടെ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നതിന് പകരം കമ്പനികള്‍ നേട്ടം കൊയ്യുന്ന സ്ഥിതിയാണുണ്ടായതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാന തല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു സാധനത്തിന്റെയും വിപണി വില കുറഞ്ഞില്ല. പാവപ്പെട്ടവര്‍ക്ക് ഇത് കൊണ്ട് കാര്യവുമില്ല. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. 60 ലക്ഷം വീടുകളില്‍ ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നത് തുടരേണ്ട സാഹചര്യം പൊതുജനങ്ങളോട് പറയാനാണ് ബജറ്റില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചതെന്നും മന്ത്രി പറഞ്ഞു.   തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉത്പാദന പ്രക്രിയയിലേയ്ക്ക് കൂടുതലായി കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


സംസ്ഥാനത്തിന് ചേര്‍ന്ന നഗര നയം രൂപവത്കരിക്കാന്‍ അര്‍ബന്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.  പദ്ധതി വിഹിതം കൊണ്ട് മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും വിഭവ സമാഹരണം പ്രധാനമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി സമ്മേളന ഹാളിന് പുറത്ത് നടന്ന പരിപാടിയില്‍ മന്ത്രി പതാക ഉയര്‍ത്തി. കിടങ്ങൂര്‍ സ്വദേശിനി അല്‍ഫോണ്‍സ അഭിവാദ്യ ഗാനം ആലപിച്ചു. തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് സംസാരിച്ചു.