സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം തിരികെപ്പിടിക്കണം: മന്ത്രി വി അബ്ദുറഹിമാന്‍*

മലപ്പുറം. സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിയ്ക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അമൃത മഹോത്സവമായാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം നാം ആഘോഷിച്ചത്. രാജ്യമെങ്ങും വളരെ നല്ല നിലയില്‍ ജൂബിലി ആഘോഷം നടന്നു. കേരളവും ആഘോഷത്തില്‍ സജീവ പങ്കാളികളായി. നമ്മുടെ സ്വാതന്ത്ര്യ സമരവും അതില്‍ പങ്കാളികളായ ധീരപോരാളികളെയും പുതിയ തലമുറയ്ക്ക് അടുത്തറിയാനുള്ള അവസരം കൂടിയായിരുന്നു ഈ ആഘോഷ പരിപാടികള്‍.
രാജ്യം ഇവിടെയുള്ള ഓരോ പൗരന്റെതുമാണ്. അത്അങ്ങനെയല്ല എന്ന് ആരും ചിന്തിക്കുക പോലും ചെയ്യാത്ത ഐക്യത്തിന്റെ ഒരിന്ത്യയാണ് നമുക്ക് കെട്ടിപ്പ ടുക്കുവാനുള്ളത്. രാജ്യം ഇവിടെയുള്ള എല്ലാ പ്രദേശ ങ്ങളുടേതും ഭാഷകളുടേതും മതവിഭാഗങ്ങളുടേതും സംസ്‌കാരങ്ങളുടേതുമാണ്. അവയില്‍ ഏതെങ്കിലും ഒന്നിന് ഇവിടെ സ്ഥാനമില്ലെന്നോ, ഏതെങ്കിലും ഒന്നിന് മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുണ്ടെന്നോ ആരുംസങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത ഇന്ത്യയാണ് കെട്ടിപ്പടുക്കാനുള്ളത്. സ്വാതന്ത്യ സമരത്തെ കുറിച്ചും ഇന്നത്തെ ജീവിതത്തില്‍ അതിന്റെ സ്വാധീനത്തെ കുറിച്ചും കൂടുതല്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട ്. എങ്ങനെയാണ് വന്‍കരയേക്കാള്‍ വലുതായ ഒരു ഉപ ഭൂഖണ്ഡത്തെ ഒരു ചെറിയ രാജ്യം അടിമപ്പെടുത്തി ദീര്‍ഘ കാലം ഭരിച്ചത് എന്ന കാര്യം ചിന്തിക്കണം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു പേരുകേട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിന്നോക്കത്തില്‍ പിന്നോക്കം കിടന്നിരുന്ന ഒരു ജനത ആയുധംപോലും എടുക്കാതെ എങ്ങനെയാണ് പരാജയപ്പെടുത്തിയത് എന്നും ചിന്തിക്കണം.
ബ്രിട്ടന് ഇന്ത്യയെ കീഴടക്കാന്‍ കഴിഞ്ഞത് ജാതി, മത, ഭാഷ, വേഷ, ദേശ വ്യത്യാ സങ്ങളുടെ പഴുതുകള്‍ ഉപയോഗിച്ചാണ്. ആവ്യത്യാസങ്ങളെ പരസ്പരം ചേരിതിരിച്ചുകൊണ്ടാണ്. ആ വൈരുധ്യങ്ങളെ അതിജീവിക്കുന്ന സാമ്രാജ്യത്വവിരുദ്ധ ഐക്യം ദേശീയതയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്താണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയത്. വംശീയമായി, വര്‍ഗ്ഗീയമായിചേരിതിരിയുന്ന ജനതയെ ആര്‍ക്കും കീഴടക്കാമെന്നും അതിന്എതിരായ ഐക്യത്തില്‍ ഒരുമിക്കുന്ന ജനതയ്ക്ക് അതിജീവിക്കാമെന്നും ഉള്ള പാഠമാണ് ഇതില്‍ നിന്നു വ്യക്തമായത്. അനൈക്യമാണ് അടിമത്തമെന്നും ഐക്യമാണ് സ്വാതന്ത്ര്യം എന്നും ഈ ചരിത്രപാഠം നമുക്കു പറഞ്ഞുതരികയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 38 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് കുമാര്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡായിരുന്നു.
സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ എം.എസ്.പി ഹൈസ്‌കൂള്‍, എം.എസ്.പി ഹയര്‍ സെക്കന്‍ഡറി എന്നിവര്‍ ആദ്യ രണ്ട് സ്ഥാനം നേടി. സീനിയര്‍ സ്‌കൗട്ട് വിഭാഗത്തില്‍ മേല്‍മുറി എം.എം.ഇ.ടി എച്ച്.എസ്.എസ്, എം.എസ്.പി.എച്ച്.എസ്.എസ് എന്നിവര്‍ ആദ്യ രണ്ട് സ്ഥാനം നേടി. ജൂനിയര്‍ സ്‌കൗട്ട് വിഭാഗത്തില്‍ മലപ്പുറം എ.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനവും മുണ്ടുപറമ്പ് എ.എം.യു.പി രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗൈഡ്‌സ് വിഭാഗത്തില്‍ എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഒന്നാം സ്ഥാനവും സെന്റ് ജെമ്മാസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ ഗൈഡ്‌സ് വിഭാഗത്തില്‍ താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂള്‍, മുണ്ടുപറമ്പ് എ.എം.യു.പി എന്നിവര്‍ ആദ്യ രണ്ട് സ്ഥാനം നേടി. ജെ.ആര്‍.സി ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളും എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളും ജേതാക്കളായി. ജെ.ആര്‍.സി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എസ്.പി.എച്ച്.എസ്.എസും സെന്റ് ജെമ്മാസും ജേതാക്കളായി.
ആംഡ് പോലീസ് വിഭാഗത്തില്‍ എം.എസ്.പി മലപ്പുറം ഒന്നാം സ്ഥാനവും വനിതാ വിഭാഗം പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. അണ്‍ ആംഡ് വിഭാഗത്തില്‍ ജില്ലാ ഫയര്‍ റെസ്‌ക്യൂ, വനം വകുപ്പ് ആദ്യ രണ്ട് സ്ഥാനം നേടി. സീനിയര്‍ എന്‍.സി.സിയില്‍ ഗവ. കോളേജ് മലപ്പുറം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. ജൂനിയര്‍ എന്‍.സി.സി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, ജി.ബി.എച്ച്.എസ്.എസ് മലപ്പുറം ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എസ്.പി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.
പ്രഭാതഭേരിയില്‍ യു.പി സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം എ.യു.പി, മുണ്ടുപറമ്പ് എ.എം.യു.പി എന്നിവര്‍ ആദ്യ രണ്ട് സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം സെന്റ് ജെമ്മാസ് ഒന്നാം സ്ഥാനവും ഗവ. ഗേള്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. ബാന്‍ഡ് വാദ്യത്തില്‍ സെന്റ്‌ജെമ്മാസ് മലപ്പുറം ഒന്നാം സ്ഥാനവും ഗവ. ഗേള്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സെന്റ് ജെമ്മാസ് സ്‌കൂളിനാണ് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്. എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു. സ്ഥാപനങ്ങള്‍ക്കായി നടത്തിയ അലങ്കാര മത്സരത്തില്‍ കോട്ടപ്പടി റോയല്‍ ബിരിയാണി സെന്റര്‍, മലബാര്‍ സൗണ്ട്‌സ് എന്നിവര്‍ ജേതാക്കളായി.
പി ഉബൈദുള്ള എം.എല്‍.എ, ജില്ലാ കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍, ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്, എം.എസ്.പി കമാന്‍ഡന്റ് കെ.വി സന്തോഷ്, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, എ.ഡി.എം എന്‍.എം മെഹറലി, അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാകൂര്‍ എന്നിവര്‍ പങ്കെടുത്തു.