തിരുമാന്ധാംകുന്നിൽ പൂരം പുറപ്പാട് നാളെ

  1. Home
  2. NATIONAL NEWS

തിരുമാന്ധാംകുന്നിൽ പൂരം പുറപ്പാട് നാളെ

തിരുമാന്ധാംകുന്നിൽ പൂരം പുറപ്പാട് നാളെ


പെരിന്തൽമണ്ണ. അങ്ങാടിപ്പുറം /
 വള്ളുവനാടിന്റെ പൂരമാമാങ്കമായ തിരുമാന്ധാംകുന്ന് പൂരത്തിന് ചൊവ്വാഴ്ച പുറപ്പാട്. തുടർന്ന് പതിനൊന്നുനാൾ അങ്ങാടിപ്പുറം ഉത്സവലഹരിയിലമരും. ചൊവ്വാഴ്ച രാവിലെ എട്ടിന് സരോജിനി നങ്ങ്യാരമ്മയുടെ നങ്ങ്യാർകൂത്തോടെ ചടങ്ങുകൾ തുടങ്ങും. പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. മാതൃശാലയിൽ പ്രത്യേക പുറപ്പാട് പൂജയ്ക്കുശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിടമ്പ് കോലത്തിൽവെച്ച് പുറത്തേക്ക് ആനയിക്കും.

ആറാട്ടിനുശേഷം 11-ന് കൊട്ടിക്കയറ്റം. ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം. തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ പകൽപ്പൂരച്ചടങ്ങുകൾ അവസാനിക്കും. വൈകുന്നേരം നാലിന് ഓട്ടൻതുള്ളൽ, രാത്രി 7.30-ന് പനമണ്ണ ശശിയും കല്ലൂർ ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക എന്നിവയ്ക്കുശേഷം രാത്രി 9.30-ന് രണ്ടാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങും. ആറാട്ടുകടവിൽ അങ്ങാടിപ്പുറം രഞ്ജിത്തിന്റെ തായമ്പക, തിരിച്ചെഴുന്നള്ളിപ്പ് എന്നിവയാണ് പുറപ്പാട് ദിവസത്തെ ചടങ്ങുകൾ. പുറപ്പാടുദിവസം പുലർച്ചെ നാലുമുതൽ ദർശനസൗകര്യമുണ്ടാകും.

തിങ്കളാഴ്ച വിശേഷാൽ രോഹിണി കളംപാട്ടാണ് പ്രധാനചടങ്ങ്. രാവിലെ ആറു മുതൽ ശ്രീമൂലസ്ഥാനത്ത് ലളിതാസഹസ്രനാമ ലക്ഷാർച്ചന.

വൈകുന്നേരം 5.30-ന് പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പൂരം വിളംബരഘോഷയാത്ര. സന്ധ്യക്ക് സംഗീതസംവിധായകൻ ജിതേഷ് നാരായണനനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള. രാത്രി എട്ടിന് അത്താഴപ്പൂജയ്ക്ക് ശേഷമാണ് രോഹിണി കളംപാട്ട്.

ഏപ്രിൽ ഏഴുവരെയാണ് പൂരം. രാവിലെയും രാത്രിയുമുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ പ്രധാന ചടങ്ങ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടും ഉണ്ട്.

പൂരത്തിന് മുന്നോടിയായി എട്ടുദിവസം നീണ്ടുനിന്ന ദ്രവ്യകലശം ഞായറാഴ്ച ശ്രീഭൂതബലിയോടെ സമാപിച്ചു. പൂരദിവസങ്ങളിൽ പ്രസാദവിതരണത്തിനായി ഒരുലക്ഷത്തിലേറെ പാളപ്പാത്രങ്ങൾ എത്തി. ദിവസവും രാവിലെ പത്തിന് പ്രസാദ ഊട്ട് തുടങ്ങും.