അച്ഛനെത്തും മുൻപേ പ്രണവ് യാത്രയായി..*

  1. Home
  2. OBITUARY

അച്ഛനെത്തും മുൻപേ പ്രണവ് യാത്രയായി..*

അച്ഛനെത്തും മുൻപേ പ്രണവ് യാത്രയായി..*


ഏലംകുളം: വിദേശത്തുനിന്നെത്തുന്ന അച്ഛനെ സ്വീകരിച്ച് വീട്ടിലെത്തിക്കാനുള്ള പുറപ്പാടിലായിരുന്നു പ്രണവ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അച്ഛൻ മുകുന്ദൻ വിമാനത്താവളത്തിലെത്തുക. അച്ഛനെ കൂട്ടാൻ എയർപോർട്ടിൽ പോകുന്നതിനു മുന്നോടിയായി മുടിയെല്ലാം വെട്ടി ഭംഗിയാക്കി മാട്ടായയിൽ കുന്തിപ്പുഴയിലെ പറയൻതുരുത്ത് കടവിൽ കുളിക്കാനായാണ് ഉച്ചയോടെ പുഴയിലെത്തിയത്.

 കൂടെ പിതൃസഹോദരീ പുത്രനും സുഹൃത്തുമായ അമൽദേവും ഉണ്ടായിരുന്നു. സുപരിചിതമായ പറയൻതുരുത്ത് കടവിൽ കുളിക്കുന്നതിനിടെ ദൂരെ പുഴമധ്യത്തിലായുള്ള പാറയിലേക്ക് നീന്തുന്നതിനിടെ തളർച്ച അനുഭവപ്പെടുകയും തുടർന്ന് ആഴങ്ങളിലേക്ക് താഴുകയുമായിരുന്നു. മഴപെയ്തതിനാൽ പുഴയിൽ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു.

അപകടം മനസ്സിലാക്കിയ  അമൽദേവാണ് പുഴയോരത്തെ തോട്ടത്തിൽ മരം മുറിക്കുന്നവരോട് വിവരം പറഞ്ഞത്. അവരെത്തി തെരഞ്ഞ് പ്രണവിനെ എടുത്തപ്പോഴേക്കും 20 മിനിറ്റിലേറെയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദേശത്ത് നിന്നും വരുന്ന അച്ഛനെയും ഉറ്റവരെയും കാണാതെ പ്രണവ് മരണത്തിന് കീഴടങ്ങിയിരുന്നു.

ഏഴിന് നടത്താനിരുന്ന സഹോദരീ പുത്രിയുടെ വിവാഹച്ചടങ്ങിനായാണ് അച്ഛൻ മുകുന്ദൻ നേരത്തെ തീരുമാനിച്ചത് പ്രകാരം തിങ്കളാഴ്ച നാട്ടിലേക്ക് വന്നത്.  രാത്രി പത്തോടെ എത്തിയ മുകുന്ദൻ ചൊവ്വാഴ്ച രാവിലെയാണ് പ്രിയ പുത്രന്റെ മൃതദേഹം കണ്ടത്. 

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. പിന്നീട് ഷൊർണൂർ ശാന്തിതീരത്ത് സംസ്‌കരിച്ചു.

വടകര എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്നു പ്രണവ്. മാട്ടായി ചീനിക്കാപ്പറമ്പിൽ മുകുന്ദന്റെയും ഗീതയുടെയും മകനായിരുന്നു. നന്ദന ഏക സഹോദരിയാണ്.