\u0D30\u0D3E\u0D2E\u0D2A\u0D41\u0D30\u0D02 \u0D2A\u0D33\u0D4D\u0D33\u0D3F\u0D2A\u0D4D\u0D2A\u0D1F\u0D3F \u0D2A\u0D46\u0D32\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D31\u0D02\u0D32 \u0D28\u0D3F\u0D30\u0D4D\u0D2F\u0D3E\u0D24\u0D2F\u0D3E\u0D2F\u0D3F; \u0D05\u0D24\u0D3F\u0D1C\u0D40\u0D35\u0D28\u0D35\u0D34\u0D3F\u0D15\u0D33\u0D3F\u0D32\u0D46 \u0D05\u0D02\u0D17\u0D40\u0D15\u0D3E\u0D30\u0D19\u0D4D\u0D19\u0D33\u0D41\u0D2E\u0D3E\u0D2F\u0D3F.

  1. Home
  2. OBITUARY

രാമപുരം പള്ളിപ്പടി പെലശ്ശേരി റംല നിര്യാതയായി; അതിജീവനവഴികളിലെ അംഗീകാരങ്ങളുമായി.

സ്വന്തമായി അച്ചാർ നിർമിച്ച് വിൽപ്പന നടത്തി ജീവിതം കരുപ്പിടിപ്പിച്ച റംല സംസ്ഥാനത്തെ കുടുംബശ്രീ ചരിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

സ്വന്തമായി അച്ചാർ നിർമിച്ച് വിൽപ്പന നടത്തി ജീവിതം കരുപ്പിടിപ്പിച്ച റംല സംസ്ഥാനത്തെ കുടുംബശ്രീ ചരിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.


മങ്കട: രാമപുരം പള്ളിപ്പടി പെലശ്ശേരി റംലയുടെ മരണത്തോടെ മൺമറഞ്ഞത് കുടുംബശ്രീയുടെ മുഖമുദ്ര. അതിജീവനത്തിന് എരിവും രുചിയും പുളിയും പകർന്ന് സ്വന്തമായി അച്ചാർ നിർമിച്ച് വിൽപ്പന നടത്തി ജീവിതം കരുപ്പിടിപ്പിച്ച റംല സംസ്ഥാനത്തെ കുടുംബശ്രീ ചരിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പുഴക്കാട്ടിരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗമായാണ് തുടക്കം. കുടുംബശ്രീ രൂപവത്കരണകാലം മുതൽ ജില്ലാ കളക്ടറേറ്റ് പടിക്കലും, വിവിധ ജില്ലകളിലെ മേളകളിലും, സിവിൽ സ്‌റ്റേഷനിലും അച്ചാറും ഭക്ഷ്യവസ്തുക്കളുമായി റംലയും കുടുംബവും കച്ചവടം നടത്തിയിരുന്നു. അങ്ങനെ അച്ചാർ റംലതാത്ത എന്നറിയപ്പെട്ടു തുടങ്ങി.

സ്വന്തമായൊരു പുരയിടം എന്ന സ്വപ്നവുമായി അയൽക്കൂട്ട സമിതിയിൽ നിന്ന് വായ്പടുത്ത് അച്ചാർനിർമാണ യൂണിറ്റ് തുടങ്ങി. പതിനഞ്ചുവർഷത്തെ അച്ചാർ വ്യാപാരത്തിലൂടെ മാത്രം സാമ്പാദിച്ച തുകകൊണ്ട് 1600 ചതുരശ്രഅടി വിസ്തീർണമുള്ള വീടുവെച്ച് താമസമാരംഭിച്ചതിലൂടെ കഴിഞ്ഞവർഷം കേരളപ്പിറവി ദിനത്തിലെ വാർത്താതാരമായി റംലയും കുടുംബവും. മലപ്പുറം കലക്ടറേറ്റ് പടിക്കലും വീടുവീടാന്തരം കയറിയും ആയിരുന്നു ആദ്യകാലത്തെ വിൽപന. വിവിധ ജില്ലകളിലെ കുടുംബശ്രീ മേളകളിലും സജീവമായതോടെ അച്ചാർ കച്ചവടം ക്ലച്ചുപിടിച്ചു നട്ടെല്ലിനു ക്ഷതമേറ്റതിനാൽ മറ്റു ജോലിക്കൊന്നും പോകാൻ പറ്റാതിരുന്ന ഭർത്താവ് മുഹമ്മദ് കുട്ടിയും സഹായത്തിനുണ്ടായിരുന്നു. ഓരോ രൂപയും സ്വരുക്കൂട്ടി സ്വരുക്കൂട്ടി 15 വർഷത്തെ കഠിനാധ്വാനം. അതും ഏറെക്കുറെ തനിച്ച്. 10 വർഷമെടുത്തു വീടൊന്നു പൂർത്തിയാവാൻ. മക്കളുടെ പഠിപ്പ്, വീട്ടിലെ മറ്റു ചെലവുകൾ.എല്ലാത്തിനും ബലമായി നിന്നത് ആ അച്ചാറുകുപ്പികളായിരുന്നു. ഇന്ന് മൂത്തമകൻ മുനീർ പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുന്നു. ഇളയവൻ സമീർ ഒമാനിലാണ്.

നിരവധി അവാർഡുകളും അംഗീകാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്. വ്യാപാരമേഖലയിൽ സജീവമായിരിക്കെ മാസങ്ങൾക്കുമുമ്പ് അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിലായിരുന്നു.