ചാലിയാർ റിവർ ചാലിയാർ പാഡിലിന് ഉജ്ജ്വല തുടക്കം

  1. Home
  2. sports

ചാലിയാർ റിവർ ചാലിയാർ പാഡിലിന് ഉജ്ജ്വല തുടക്കം

Chaliyar


നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം.  നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ വെച്ച് യാത്രയുടെ ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ റെനീഷ് കുപ്പായം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് പി മേനോന്‍, റോട്ടറി മുന്‍ ഡിസ്ട്രിക്റ്റ് സെക്രട്ടറി ജനറല്‍ ഡോ. പിഎസ് കേദാര്‍നാഥ്,  ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, ജനറല്‍ മാനേജര്‍ സുബി ബോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Chaliyar

ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ  യാത്ര എട്ടാം തവണയാണ് നടത്തുന്നത്. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലുമായാണ് യാത്ര.  കോഴിക്കോട്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്,  ഡെക്കാത്ത്‌ലോണ്‍, യോലോ, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍  എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ  തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നും നൂറോളം ആളുകളാണ്  യാത്രയില്‍ പങ്കെടുക്കുന്നത്. ഇതില്‍ എട്ട് പേര്‍ വനിതകളാണ്. പതിമൂന്ന് വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്‌റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവി നായര്‍ ഷാഫിയമാണ് സംഘത്തിലെ  പ്രായം കുറഞ്ഞവര്‍. എണ്‍പതുകാരനും ജര്‍മ്മന്‍ സ്വദേശിയുമായ കാള്‍ ഡംഷനാണ്  പ്രായം കൂടിയാള്‍. മൂന്നു ദിവസങ്ങളിലായി ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്റര്‍ സഞ്ചരിക്കും. ഇന്നലെ  സംഘം നിലമ്പൂരില്‍ നിന്ന് മമ്പാട് വരെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചു. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്‌നിക്കോവാണ് യാത്ര നയിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ സെയിലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ  ശ്വേത ഷെര്‍വെഗര്‍
ഉള്‍പ്പെടെയുള്ള  പ്രമുഖ കയാക്കിങ് - സെയ്‌ലിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ സവിശേഷത.

 മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്നും  ഏകദേശം 1000 കിലോഗ്രാം മാലിന്യം ശേഖരിക്കാനാണ് സംഘത്തിന്റെ ലക്ഷ്യം.  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കും. പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും.  ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിനു പുറമെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധ തരം ജല കായിക വിനോദങ്ങള്‍ പരിചയപ്പെടുത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കയാക്കിങ്. യാത്ര ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും.