മഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍

  1. Home
  2. sports

മഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍

Blasters


കൊച്ചി: മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് - ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്‌ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. 

ഗ്രീസില്‍ ജനിച്ച് ജിയാനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കരിയറിന്റെ സിംഹഭാഗവും ഗ്രീക്ക് ക്ലബ്ബുകളില്‍ കളിച്ച ജിയാനു ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകളായ കവാല, പി എ ഒ കെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി എന്നീ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2016ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷോ സിറ്റി എഫ്സിയില്‍ ചേര്‍ന്നതോടെ താരത്തെ ഫുട്‌ബോള്‍ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.

രണ്ടുവര്‍ഷത്തെ ശ്രമഫലമായാണ് താരത്തെ ടീമിലെത്തിക്കാന്‍ സാധിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറാണ് ജിയാനു എന്നും ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും അദ്ദേഹത്തെ തനിക്ക് ഏറെയിഷ്ടമാണെന്നും സ്‌കിന്‍കിസ് പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ വളരേ സന്തോഷമുണ്ടെന്നും ക്ലബിനായി തന്റെ കഴിവിന്റെ പരമാവധി സംഭാവന നല്‍കുമെന്നും ജിയാനു പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിന്റെ സാമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ 3 ക്ലൂ നല്‍കിയ ശേഷമായിരുന്നു പുതിയ താരത്തിന്റെ അനൗണ്‍സ്‌മെന്റ് ക്ലബ്ബ് നടത്തിയത്. വിദേശതാരങ്ങളുടെ സൈനിംഗ് സംബന്ധിച്ച് യാതോരു വിവരങ്ങളും പുറത്തുവിടാതിരുന്ന ടീം ക്യാമ്പ് 'ക്ഷമ വേണം, ലേശം സമയം എടുക്കും' എന്ന രസകരമായ വീഡിയോയും ഇന്നലെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്പോസ്തൊലോസ് ജിയാനു മഞ്ഞപ്പട കുടുംബത്തില്‍ അംഗമായത്. എ എഫ് സി കോട്ടയിലാണ് ജിയാനു ടീമിലെത്തുന്നത്.