IPL 2021: \u0D2F\u0D36\u0D38\u0D4D\u0D35\u0D3F \u0D24\u0D3F\u0D30\u0D3F\u0D15\u0D4A\u0D33\u0D41\u0D24\u0D4D\u0D24\u0D3F, \u0D36\u0D3F\u0D35\u0D02 \u0D26\u0D41\u0D2C\u0D46 \u0D15\u0D24\u0D4D\u0D24\u0D3F\u0D15\u0D4D\u0D15\u0D3E\u0D33\u0D3F; \u0D1A\u0D46\u0D28\u0D4D\u0D28\u0D48\u0D2F\u0D46 \u0D35\u0D3F\u0D31\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D4D \u0D35\u0D3F\u0D1C\u0D2F\u0D02 \u0D28\u0D47\u0D1F\u0D3F \u0D30\u0D3E\u0D1C\u0D38\u0D4D\u0D25\u0D3E\u0D7B.

  1. Home
  2. sports

IPL 2021: യശസ്വി തിരികൊളുത്തി, ശിവം ദുബെ കത്തിക്കാളി; ചെന്നൈയെ വിറപ്പിച്ച് വിജയം നേടി രാജസ്ഥാൻ.

അബുദാബി

ജയത്തോടെ രാജസ്ഥാൻ പോയൻറ് പട്ടികയിൽ മുംബൈയെ മറികടന്ന് ആറാമതെത്തി.


 അബുദാബി : വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്. ഓപ്പണർ യശസ്വി ജെയ്സ്വാൾ തുടക്കമിട്ടത് ശിവം ദുബെ ഏറ്റെടുത്തു. ചെന്നൈ ഉയർത്തിയ കൂറ്റൻ സ്കോർ പിന്നീട് രാജസ്ഥാൻ മറികടന്നത് അനായാസമായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വലിയ വിജയം വേണ്ടിയിരുന്ന രാജസ്ഥാൻ ചെന്നൈയെ 7 വിക്കറ്റിനാണ് തകർത്തത്.21 പന്തിൽ നിന്ന് 50 റൺസെടുത്ത യശസ്വി ജെയ്സ്വാൾ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇത് വരെ പുറത്തിരുത്തിയതിന് പകരം ചോദിച്ച ശിവം ദുബെ 42 പന്തിൽ നിന്ന് 64 റൺസെടുത്ത് പുറത്താവാതെ നിന്നു. സഞ്ജു സാംസൺ (28), എവിൻ ലെവിസ് (27), ഗ്ലെൻ ഫിലിപ്സ് (14) എന്നിവരാണ് രാജസ്ഥാൻെറ മറ്റ് സ്കോറർമാർ. ജയത്തോടെ രാജസ്ഥാൻ പോയൻറ് പട്ടികയിൽ മുംബൈയെ മറികടന്ന് ആറാമതെത്തി.

കന്നി സെഞ്ച്വറിയുമായി യുവബാറ്റർ ഋതുരാജ് ഗെയ‍്‍ക‍്‍വാദ് കളം നിറഞ്ഞ് കളിച്ചപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോർ പടുത്തുയർത്തി സിഎസ്കെ. രാജസ്ഥാൻെറ മൂർച്ച കുറഞ്ഞ ബോളിങ് നിരയെ തല്ലിത്തകർത്ത ഋതുരാജ് 60 പന്തിൽ നിന്ന് 101 റൺസുമായി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്താൻ ഋതുരാജിനൊപ്പം രവീന്ദ്ര ജഡേജയും കൂടി. 15 പന്തിൽ നിന്ന് 32 റൺസാണ് ജഡേജ നേടിയത്. ഫാഫ് ഡുപ്ലെസി (25), മോയിൻ അലി (21) എന്നിവരാണ് ചെന്നൈയുടെ മറ്റ് സ്കോറർമാർ. രാജസ്ഥാന് വേണ്ടി രാഹുൽ തേവാട്ടിയ 3 വിക്കറ്റ് വീഴ്ത്തി. 4 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ചെന്നൈ നേടിയത്.