നെല്ലിയാമ്പതിയിലേക്ക് ഒരു ആനവണ്ടി യാത്ര

  1. Home
  2. TOURISM

നെല്ലിയാമ്പതിയിലേക്ക് ഒരു ആനവണ്ടി യാത്ര

nelliyambathi


കെ.എസ്.ആർ.ടി.സി  വിനോദസഞ്ചാര മേഖലയിലേക്ക് കൂടി കാൽ വെപ്പ് നടത്തിയിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി യുടെ ഒരു പുതിയ സംരംഭമാണ് ഈ വിനോദസഞ്ചാര പദ്ധതി. ഈ പദ്ധതിക്ക് കട്ട സപ്പോർട്ടുമായി നിരവധി ആളുകളുണ്ട്. ഒരു ദിവസം 5 ബസ് വരെ നെല്ലിയാമ്പതിയിലേക്ക് ട്രിപ്പ് പോവുന്നു എന്നതിലൂടെ തന്നെ നമുക്ക് മനസിലാക്കാം ആളുകൾ ഈ സംരംഭത്തെ ഇരുകയ്യും  നീട്ടി സ്വീകരിച്ച് കഴിഞ്ഞെന്ന്. മലപ്പുറത്തു നിന്നാണ്  ഈ പദ്ധതിയുടെ ആരംഭം കുറിച്ചത്. വിവിധ ജില്ലകളിൽ നിന്നും ഇത്തരത്തിലുള്ള വിനോദസഞ്ചാര പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.പാലക്കാട് നിന്നുള്ള ടൂറിസം പദ്ധതി  ആരംഭിച്ചത് നവംബർ 14 നായിരുന്നു.
പാലക്കാട് ഡിപ്പോയിൽ നിന്ന് കാലത്തു 7 മണിക്ക് യാത്ര തുടങ്ങി വരയടുമല, സീതാർകുണ്ഡ് വ്യൂപോയിന്റ്, ഓറഞ്ച് ഫാം, പോത്തുംപാറ ടീ എസ്‌റ്റേറ്റ്, കേശവൻപാറ വ്യൂപോയിന്റ്, പോത്തുണ്ടി ഡാം എന്നിവ കണ്ട് രാത്രി 7  മണിക്ക് മുൻപ് തിരിച്ചെത്താം. കൂടാതെ 3  നേരെത്തെ ഭക്ഷണവും എൻട്രി പാസുകളുമടക്കം വെറും 600 രൂപ മാത്രമേ വരുന്നുള്ളു.  ഇതാണ് ഈ വിനോദ സഞ്ചാര പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണവും.പാലക്കാട് നിന്നും 60 കിലോമീറ്ററാണ് നെല്ലിയാമ്പതിയിലേക്ക് ഉള്ളത്. 10  ഹെയർപിൻ വളവുകൾ കഴിഞ്ഞിട്ടാണ് മുകളിലേക്ക് എത്തുക. വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ പന്നി തുടങ്ങിയ കാട്ടു മൃഗങ്ങളെയും കാണാം. പോകുന്ന വഴിയിലെ കോടമഞ്ഞും, മലനിരകളും, തേയിലക്കൃഷിയുമൊക്കെ നമുക്ക് ഊട്ടിയിൽ പോയ പ്രതീതി നൽകുന്നു.467  മുതൽ 1572  വരെ ഉയരമുള്ള മലനിരകളാണ് നെല്ലിയാമ്പതിയിൽ വ്യാപിച്ചുകിടക്കുന്നത്. ഓറഞ്ച് കൃഷിയും ഇവിടത്തെ  പ്രധാന ആകർഷണമാണ്.