anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

 ബ്ലു എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി*.

സുസ്ഥിര വികസനത്തിന് ഉത്തേജനം നൽകുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളിൽ ഇന്ത്യൻ നാവികസേന നിർണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുർമു. കടൽ വഴികൾ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങൾ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി  പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ഇന്ത്യൻ മഹാസമുദ്ര മേഖല വളരെ തന്ത്രപ്രധാനമാണ്. ആഗോള ഊർജ വിതരണത്തിനും വ്യാപാരത്തിനുമുള്ള ഒരു മാർഗമാണിത്. ഇന്ത്യ ഇതിന്റെ കേന്ദ്രസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിൽ നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. നമ്മുടെ അയൽക്കാർക്ക് സഹായം എത്തിച്ചും സമുദ്ര  അവബോധം പ്രോത്സാഹിപ്പിച്ചും അന്താരാഷ്ട്ര സമുദ്ര സമൂഹത്തിന് സുരക്ഷ ഉറപ്പാക്കിയും നമ്മുടെ അതിർത്തിക്കുള്ളിൽ മാത്രമല്ല, വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളവും നാവിക സേന പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
ആധുനികവൽക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിർണായകമാണ്. ഇന്ത്യയിൽ തന്നെ സങ്കീർണമായ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തർവാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും.   തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യൻ നാവികസേന ഊർജം പകരുകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
വിമാനത്താവളത്തിൽ നിന്നും വേദിയിലെത്തിയ രാഷ്ട്രപതിക്ക്  എം എച്ച് 60 ആർ ഹെലികോപ്റ്ററുകൾ സല്യൂട്ട് നൽകി. യുദ്ധക്കപ്പലുകളായ ഐഎൻഎസ് ഇംഫാലും ഐഎൻഎസ് ഉദയഗിരിയും ഐഎൻഎസ് കമാലും ഐഎൻഎസ് കൊൽക്കത്തയും ചേർന്ന് രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തു. പാരച്യൂട്ടിൽ പറന്നിറങ്ങിയ മറൈൻ കമാൻഡോകൾ രാഷ്ട്രപതിക്ക് ഉപഹാരം സമ്മാനിച്ചു. സേനയുടെ  കരുത്തും പ്രവർത്തന മികവും വിളിച്ചോതുന്ന പോർവിമാനങ്ങളുടേയും  പടക്കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി വീക്ഷിച്ചു.
ഇന്ത്യയുടെ പടക്കപ്പലുകളായ  ഐഎൻഎസ് ഇംഫാൽ,  ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കമാൽ, പായ്ക്കപ്പലുകളായ തരംഗിണിയും സുദർശിനിയും മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഉൾപ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ്  തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങൾ സേനയുടെ ഉൾക്കരുത്തും  നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ്  വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേർന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്.
ആർത്തിരമ്പുന്ന കടൽപ്പരപ്പിൽ സെർച്ച് ആൻഡ് സീഷർ ഓപ്പറേഷൻ, ഹെലികോപ്റ്റർ വഴി കമാൻഡോകളെ ലക്ഷ്യസ്ഥാനത്ത് ഇറക്കുന്ന ഹെലികോപ്റ്റർ ബോൺ ഇൻസേർഷൻ, രക്ഷാദൗത്യം എന്നിവയുടെ പ്രദർശനവും നടന്നു. സതേൺ നേവൽ കമാൻഡിന്റെ മ്യൂസിക്കൽ ബാൻഡും കണ്ടിന്യൂയിറ്റി ഡ്രില്ലും സീ കേഡറ്റുകൾ അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ്പ് ഡാൻസും  പരിപാടിയെ വ്യത്യസ്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അനാവരണം ചെയ്യുന്ന കലാപരിപാടികളോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക്  പരിസമാപ്തിയായി തീരക്കടലിൽ യുദ്ധക്കപ്പലുകൾ വൈദ്യുതി ദീപങ്ങളാൽ അലംകൃതമായി അണിനിരന്നു.
നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഠ്,  ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051