കൊച്ചി.. കേരളമെന്നോ മലയാളിയെന്നോ ഉള്ള ഇന്നത്തെ സങ്കൽപങ്ങളും ഭൂപ്രദേശപരമായ അതിരുകളും രൂപപ്പെടുന്നതിനു മുൻപുള്ള ഒരു കഥയെ അടിസ്ഥാനമാക്കി ഓണത്തെ ‘മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം’ എന്ന നിലയിൽ അവതരിപ്പിക്കുന്നത് പുനഃപരിശോധിക്കണമെന്ന് സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഓണവുമായി ബന്ധപ്പെട്ട ഐക്യത്തിന്റെയും സമൃദ്ധിയുടെയും ആശയങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ ഓണത്തെ കേരളത്തിന്റെ ഏക പൊതുവികാരമായി ഉയർത്തിക്കാട്ടിയ ചരിത്രനിർമിതിക്കിടയിൽ വിവിധ ജനവിഭാഗങ്ങളുടെ തനത് ആഘോഷങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും തമസ്കരിക്കപ്പെട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോളി, ഗണേശോത്സവം, അക്ഷയതൃതീയ തുടങ്ങിയ ഉത്തരേന്ത്യൻ ആഘോഷങ്ങൾ കേരളത്തിൽ കൂടുതൽ സ്വാധീനം നേടുന്ന സാഹചര്യത്തെയും അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തി. ഇത്തരം ഓരോ ആഘോഷവും കടന്നുവരുമ്പോൾ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതാനുഭവങ്ങളും പോരാട്ടങ്ങളും ചരിത്രയാഥാർഥ്യങ്ങളും വീണ്ടെടുക്കാനുള്ള വലിയ സാംസ്‌കാരികശ്രമം അനിവാര്യമാണെന്ന് ഞെരളത്ത് ഹരിഗോവിന്ദൻ പറഞ്ഞു.
മറവിയിലായ പ്രാദേശിക ആഘോഷങ്ങളെയും വിവിധ സമൂഹങ്ങളുടെ തനത് ആചാരങ്ങളെയും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാൻ സർക്കാരുകൾ മുൻകൈയെടുക്കണം. എല്ലാ വിഭാഗങ്ങൾക്കും അവരുടെ സാംസ്‌കാരിക സ്വത്വം നിലനിർത്താനും ആഘോഷിക്കാനും തുല്യമായ അവസരം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഉൾപ്പെടെയുള്ള ഓരോ സംസ്ഥാനവും സ്വന്തം ചരിത്രവും ഭാഷയും സംസ്‌കാരവും സാമൂഹികാനുഭവങ്ങളും സംരക്ഷിക്കാൻ കഴിയുന്ന വ്യക്തിത്വമുള്ള ഇടങ്ങളായി ഔദ്യോഗികതലത്തിൽ കൂടുതൽ സ്വതന്ത്രമാകേണ്ടതുണ്ടെന്നും ഞെരളത്ത് ഹരിഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ഓണത്തിന്റെ ഐക്യസന്ദേശത്തെയോ സമൃദ്ധിസങ്കൽപത്തെയോ നിരാകരിക്കുകയല്ല ഈ വിമർശനത്തിന്റെ ലക്ഷ്യം. മറിച്ച്, ഒരു ആഘോഷത്തെ മാത്രം മലയാളിയുടെ പൊതുസാംസ്‌കാരിക അടയാളമായി അവതരിപ്പിക്കുമ്പോൾ ദൃശ്യത നഷ്ടപ്പെടുന്ന ജനവിഭാഗങ്ങളെയും അവരുടെ ആഘോഷങ്ങളെയും ചരിത്രത്തെയും കൂടി പൊതുസമൂഹം പരിഗണിക്കണമെന്ന ആവശ്യമാണ് ഇതിലൂടെ ഉയർത്തുന്നത്.