anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആവേശപ്പോരാട്ടത്തിൽ കേരളത്തെ മറികടന്ന് ബംഗാൾ; അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ തോല്പിച്ചത് മൂന്ന് വിക്കറ്റിന്

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ബംഗാൾ. ഓപ്പണർ ഇപ്സിത മൊണ്ഡലിന്റെ തകർപ്പൻ ഒറ്റയാൾ പോരാട്ടമാണ് ബംഗാളിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.4 ഓവറിൽ 184 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

കേരളം: 47.4 ഓവറിൽ 184. ബം​ഗാൾ: 48.5 ഓവറിൽ 187/7.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ക്യാപ്റ്റൻ വൈഷ്ണയും അനന്യയും ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ ഓപ്പണർ ദിയ ഗിരീഷിനെ (9) നഷ്ടമായ കേരളത്തെ വൈഷ്ണയും അനന്യയും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസ് കൂട്ടിച്ചേർത്തു. അനന്യ കെ പ്രദീപ് 51ഉം വൈഷ്ണ എം പി 44 റൺസും നേടി. എന്നാൽ ഇരുവരുമൊരുക്കിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്കായില്ല. നിവേദ്യ മോൾ (17), അലീന എം.പി (14), നജ്ല സി.എം.സി (12), മനസ്വി (10) എന്നിവർ ചെറിയ സ്കോറുകളുമായി മടങ്ങി. തുടർന്നും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ കേരളത്തിന്റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചു. ബംഗാളിന് വേണ്ടി സുജാത ദേ, പായൽ വഖാരിയ, പിയാലി ഘോഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന്റെ മുൻനിരയെ അതിവേ​ഗം പുറത്താക്കി നിയ നസ്നീനും സൂര്യ സുകുമാറും കേരളത്തിന് പ്രതീക്ഷ നല്കി. 34 റൺസെടുക്കുന്നതിനിടെ ബം​ഗാളിന് നാല് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഒരുവശത്ത് ഉറച്ചുനിന്ന ഓപ്പണർ ഇപ്സിത മൊണ്ഡൽ ബംഗാളിൻ്റെ രക്ഷകയായി. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ തകർച്ചയെ അഭിമുഖീകരിച്ച ബംഗാളിനെ, വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇപ്സിത നടത്തിയ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റിൽ രൂപൽ തിവാരിക്കൊപ്പം 42 റൺസാണ് ഇപ്സിത കൂട്ടിച്ചേർത്തത്. രൂപൽ പുറത്തായ ശേഷമെത്തിയ പായൽ വഖാരിയക്കൊപ്പം 63 റൺസ് കൂടി കൂട്ടിച്ചേർത്ത് ഇപ്സിത ടീമിനെ വിജയത്തിലെത്തിച്ചു. 92 റൺസുമായി ഇപ്സിത പുറത്താകാതെ നിന്നപ്പോൾ രൂപൽ തിവാരി 28 റൺസും പായൽ വഖാരിയ 14 റൺസും നേടി. കേരളത്തിന് വേണ്ടി നിയ നസ്നീനും സൂര്യ സുകുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051