anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അയോദ്ധ്യാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് ‘ഒഴിയാതെ’; മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കും *പാലക്കാടിന്റെ ചലച്ചിത്ര കൂട്ടായ്മയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം*

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിച്ച് ഫാറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം *’ഒഴിയാതെ’ അയോദ്ധ്യാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.* ഡിസംബർ 9 മുതൽ 11 വരെ ലക്നൗവിൽ നടക്കുന്ന ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക.

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ‘ഒഴിയാതെ’യുടെ യാത്രയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ തിരഞ്ഞെടുപ്പ്. നേരത്തെ തായ്‌ലൻഡിലെ ബാങ്കോക്ക് മൂവി അവാർഡ്, അമേരിക്കയിലെ ലാസ് വെഗാസ് ബോളിവുഡ് ഹോളിസ് ഫിലിം ഫെസ്റ്റിവൽ, സ്വീഡനിലെ ലുലിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ജർമ്മനിയിലെ ബെർലിൻ കീസ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ചരിത്രത്തിലെ അധികമാരും ചർച്ച ചെയ്യാതെ പോയ ഒരു ഏടിനെ സിനിമയിലൂടെ അടയാളപ്പെടുത്തുന്നു എന്നതാണ് ‘ഒഴിയാതെ’യുടെ പ്രധാന സവിശേഷത. 1976ലെ ദേശീയ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് ജില്ലയിലെ കൊടുവായൂർ സ്കൂളിലെ പതിനാലു പതിനഞ്ചും വയസ്സുമാത്രം പ്രായമുള്ള 19 വിദ്യാർഥികളെ അറസ്റ്റു ചെയ്തു മർദ്ദിക്കുകയും ഭരണഘടനാ വിരുദ്ധമായി 21 ദിവസം പാലക്കാടു കോട്ടയ്ക്കുള്ളിലെ ജയിലിൽ പാർപ്പിക്കുകയും ചെയ്ത സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികൾ നേരിട്ട ഭരണകൂടഭീകരതയുടെ അനുഭവങ്ങളും അവരുടെ കുടുംബക്കാർ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളും അതിന്റെ ചരിത്രപ്രാധാന്യവുമാണ് സിനിമയുടെ പ്രമേയം.

വൻതാരനിരയുടെയോ വാണിജ്യ സിനിമയുടെ പതിവു ചേരുവകളുടെയോ പിൻബലമില്ലാതെ സാധാരണക്കാരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഒരു ജനകീയ സിനിമയാണ് ‘ഒഴിയാതെ’. പാലക്കാടും പരിസരപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ 175 ഓളം പേർ ചിത്രത്തിന്റെ നിർമ്മാണത്തിലും കലാസംവിധാന പ്രവർത്തനങ്ങളിലും പങ്കാളികളായി. പരിമിതമായ വിഭവങ്ങൾക്കിടയിലും കൂട്ടായ പരിശ്രമത്തിലൂടെ ഒരു ചരിത്രാനുഭവത്തെ വെള്ളിത്തിരയിലെത്തിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം.
ബിജിബാൽ, ഗണേശ് മാരാർ, സോണി സുകുമാരൻ, പ്രേംസായ്, നിലേഷ്, പ്രണവം ശശി, മേതിൽ സതീശൻ, പ്രമോദ് പള്ളിയിൽ, ലതാ മോഹൻ, മനേക്ഷാ തുടങ്ങിയവരാണ് ചിത്രത്തിന്റെ പ്രധാന സാങ്കേതിക പ്രവർത്തകർ.

‘ഒഴിയാതെ’ എന്നത് കഴിഞ്ഞുപോയ ഒരു സമൂഹ ദുരനുഭവത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല ‘നിതാന്ത ജാഗ്രതയാണ് ജനാധിപത്യത്തിലധിഷ്ഠിതമായ സ്വതന്ത്രജീവിതത്തിനു നൽകേണ്ട വില’ എന്ന സത്യത്തെ ജനങ്ങൾക്കിടയിൽ വീണ്ടും പ്രചരിപ്പിക്കുന്ന ഒരു സാമൂഹ്യ-രാഷ്ട്രീയ ചാലകം കൂടിയാണ്.

കേരളത്തിലെ ഒരു പ്രാദേശിക ചലച്ചിത്ര കൂട്ടായ്മയിൽനിന്നും ഇൻസൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഒഴിയാതെ’യുടെ ജൈത്രയാത്ര അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയ്ക്ക് എത്തുമ്പോൾ, അത് ആ ചിത്രത്തിന്റെ മാത്രം നേട്ടമല്ല; പാലക്കാടിന്റെ സ്വതന്ത്ര ജനകീയ ചലച്ചിത്ര പ്രവർത്തനങ്ങൾക്കും സർഗ്ഗക്കൂട്ടായ്മകളിലൂടെ പിറവിയെടുക്കുന്ന ജീവിതഗന്ധിയായ ഉത്തമ കലാസൃഷ്ടികൾക്കും ലഭിക്കുന്ന വിലപ്പെട്ട അംഗീകാരവും പ്രോത്സാഹനവും കൂടിയാണ്.

Spread the News

Leave a Comment

IMG 20260806 WA0051