anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേനല്‍ക്കാലത്തെ പാമ്പ് ശല്യം : പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം-ഡി.എം.ഒ*

കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മുന്‍കരുതലുകള്‍ ഇപ്രകാരമാകണം

വീടിനോട് ചേര്‍ന്നുള്ള പുല്‍ക്കാടുകള്‍, കരിയിലക്കൂട്ടങ്ങള്‍, വിറക് കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങള്‍ എന്നിവ കൃത്യമായി വൃത്തിയാക്കുക.

വീടിന്റെ വാതിലുകള്‍ക്കും ജനാലകള്‍ക്കും താഴെയുള്ള വിടവുകള്‍ അടയ്ക്കുക.

ചൂട് കാരണം ജനലുകള്‍ തുറന്നിടുമ്പോള്‍ നെറ്റുകള്‍ (Nets) ഉപയോഗിക്കുന്നത് പാമ്പുകള്‍ ഉള്ളില്‍ കടക്കുന്നത് തടയാന്‍ സഹായിക്കും.

ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇടുന്നത് ഒഴിവാക്കണം. അത്തരത്തില്‍ ചെയ്യുന്നത് എലികളെ ആകര്‍ഷിക്കുകയും എലികളെ തേടി പാമ്പുകള്‍ വീടിനുള്ളില്‍ എത്തുന്നതിനും കാരണമാകും.

രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് കരുതണം.

ചെരുപ്പുകള്‍ വീടിന്പുറത്ത് അഴിച്ചു വയ്ക്കുന്നവര്‍ അവ ധരിക്കുന്നതിന് മുമ്പ് പാമ്പുകള്‍ കയറിയിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി നന്നായി കുടഞ്ഞു നോക്കണം.

വേനല്‍ക്കാലത്ത് തറയില്‍ പായ വിരിച്ച് ഉറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളിക്കെട്ടന്‍ (Krait) പോലുള്ള പാമ്പുകള്‍ തണുപ്പ് തേടി കിടക്കയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കട്ടിലിലോ കൊതുകുവലയ്ക്കുള്ളിലോ ഉറങ്ങുന്നതാണ് സുരക്ഷിതം.

വീടിന്റെ വരാന്തയിലും ഉമ്മറത്തും വച്ചിരിക്കുന്ന ചെടിച്ചട്ടികള്‍ക്കിടയില്‍ നനവും തണുപ്പും ഉള്ളതിനാല്‍ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണം.

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ ഇപ്രകാരം

പാമ്പ് കടിയേറ്റാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുളള പ്രഥമ ശുശ്രൂഷയാണ് പ്രാഥമികമായി ചെയ്യേണ്ടത്. പാമ്പ് കടിയേറ്റെന്ന് മനസ്സിലായാല്‍ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ ചെയ്യരുത്. പേടിച്ചാല്‍ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും.
ശരീരം അനക്കാതെ സൗകര്യപ്രദമായി വ്യക്തിയെ ഇരുത്തുക . ബോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ തറയില്‍ ചരിച്ചു കിടത്തണം. ശാന്തത പാലിച്ച് കടിയേറ്റ വ്യക്തിക്ക് ധൈര്യം കൊടുക്കണം.

മുറിവുള്ള ഭാഗം (അല്ലെങ്കില്‍ കടിയേറ്റ ഭാഗം) ഒന്നും ചെയ്യരുത്. ചെരിപ്പുകള്‍, ബെല്‍റ്റ്, മോതിരങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ അല്ലെങ്കില്‍ ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ മുറിവേറ്റ ഭാഗത്ത് നിന്നും മാറ്റുക. പാമ്പ് കടിയേറ്റ വ്യക്തിയെ ഇടതുവശം ചെരിഞ്ഞ്, വലതു കാല്‍ വളച്ച്, കൈകളില്‍ മുഖം ചേര്‍ത്ത് കിടത്തണം. മുറിവിന് മുകളിലായി കയറോ, തുണിയോ മുറുക്കി കെട്ടേണ്ടതില്ല, ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. കടിയേറ്റ ആളെ എത്രയും വേഗം ആന്റി സ്‌നേക്ക് വെനം (ASV) ലഭ്യമായ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണം.

ജില്ലയില്‍ വിഷ ചികിത്സ ലഭ്യമായ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ചുവടെ കൊടുക്കുന്നു

പാലക്കാട് ജില്ലാ ആശുപത്രി

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ.ആശുപത്രി

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്

മണ്ണാര്‍ക്കാട,് ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികള്‍

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി കോട്ടത്തറ (ATTSH).

*പാമ്പ് പ്രതിരോധം വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇപ്രകാരം*

മൂർഖൻ, വെള്ളിക്കട്ടൻ (ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (തേക്കിലപ്പുള്ളി, വട്ടക്കൂറ എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.

1. കെട്ടിടത്തിന്റെ ഉൾഭാഗങ്ങളും പരിസരങ്ങളും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.

2. കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.

3. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്‌കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകർഷിക്കും, എലിയുടെ സാന്നിധ്യം പാമ്പുകളെ ആകർഷിക്കും.

4. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധവും മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധവും സജ്ജീകരിക്കാം.

5. ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

6. കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.

8. രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.

9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടിയതിന് ശേഷമേ ഉപയോഗിക്കാവൂ.

10. വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ടുകൂടാം.

11. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.
12. കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ട ആവശ്യമില്ല.

*അടിയന്തിര ഘട്ടത്തിൽ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകരെ വിളിക്കാം*
ഫോൺ : 18004254733

സംസ്ഥാനത്താകെ ആയിരത്തി ഇരുനൂറിൽപരം അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകർ ഉണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് അവർ സജ്ജരാണ്. കെട്ടിടത്തിന് സമീപത്തോ അകത്തോ വിഷപ്പാമ്പിനെ കണ്ടാൽ കേരള വനം വകുപ്പിന്റെ സാക്ഷ്യപ്പെടുത്തിയ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക. 18004254733 (24 മണിക്കൂർ ടോൾ ഫ്രീ നമ്പ‍ർ) ൽ വിളിക്കാം. അവർ ഉടൻ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യും.

*പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി വനം വകുപ്പിന്റെ ‘സർപ്പ’ ആപ്പ്*

പാമ്പുകടിയേറ്റാൽ അടിയന്തര സഹായം ഉറപ്പാക്കാനായി കേരള വനംവകുപ്പ് സജ്ജമാക്കിയ ആപ്പാണ്’സർപ്പ’ (SARPA-Snake Awareness Rescue and Protection App). പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം, ശാസ്ത്രീയ രീതിയിലുള്ള രക്ഷപ്പെടുത്തൽ, വിദഗ്ധ ചികിത്സ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നു. പാമ്പിനെ കണ്ടാലുടൻ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്നതോടെ വനംവകുപ്പിന്റെ പരിശീലനം ലഭിച്ച അംഗീകൃത വോളണ്ടിയർമാരുടെ സേവനം ലഭ്യമാകും. ഇത് പാമ്പുകളെ ഉപദ്രവിക്കാതെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് അയക്കാൻ സഹായിക്കുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക വിവരങ്ങളും സർപ്പ ആപ്പ് കൈമാറുന്നുണ്ട്. പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചുള്ള ശാസ്ത്രീയമായ മാർഗനിർദ്ദേശങ്ങളും ആപ്പിൽ ലഭിക്കും. കൂടാതെ, ഏറ്റവും അടുത്തുള്ള ഏത് ആശുപത്രിയിലാണ് ആന്റിവെനം ലഭ്യമായിട്ടുള്ളതെന്ന് തത്സമയം കണ്ടെത്താനുള്ള സൗകര്യവും ആപ്പിൽ ലഭിക്കും.
പാമ്പ് കടിയേൽക്കുന്ന സാഹചര്യത്തിൽ ഉടനടി ശരിയായ ചികിത്സ നൽകേണ്ടതുണ്ട്. കടിയേറ്റ് രക്തത്തിൽ കലർന്ന പാമ്പിൻവിഷം നിർവീര്യമാക്കാൻ അടിയന്തിരമായി നൽകുന്ന ആന്റിവെനത്തിന് മാത്രമേ കഴിയൂ.
ഈ സൗകര്യങ്ങൾ ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് SARPA ആപ്പിൽ ലഭ്യമാണ്

*പാമ്പ് പ്രതിരോധം- അഗ്‌നിരക്ഷാ സേനയു‌‌‌ടെ നിർദ്ദേശങ്ങൾ ഇപ്രകാരം*

കാട് വെട്ടിത്തെളിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് പാമ്പിന്റെ സാന്നിധ്യം പ്രതിരോധിക്കാൻ സാധിക്കും. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ നൽകുന്ന നിർദ്ദേശങ്ങൾ ചുവടെ:-

പാമ്പിനെ എടുക്കുകയോ കുടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വിഷമുള്ള ചത്ത പാമ്പായാൽ പോലും ഒരിക്കലും കൈകാര്യം ചെയ്യരുത്

കടിയേറ്റാൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ കാത്തിരിക്കരുത്. ഉടൻ വൈദ്യസഹായം തേടുക.

വരിഞ്ഞ് മുറുകി കെട്ടരുത്

മുറിവ് വീണ്ടും മുറിക്കരുത്

വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്

ഐസ് പുരട്ടുകയോ മുറിവ് വെള്ളത്തിൽ മുക്കുകയോ ചെയ്യരുത്.

വേദന സംഹാരിയായി മദ്യം കുടിക്കരുത്

വേദനസംഹാരികൾ കഴിക്കരുത്

*സൂര്യാതപം, സൂര്യാഘാതം: വ്യത്യാസമെന്ത്?*

സൂര്യാതപം (Sunburn) ചർമ്മപ്രശ്‌നമാകുമ്പോൾ, സൂര്യാഘാതം (Heat Stroke) ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര അവസ്ഥയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു.

1.സൂര്യാതപം (Sunburn.)

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മ‌ികൾ (Ultraviolet rays) പതിക്കുന്നത് മൂലം ഉണ്ടാകുന്ന പൊള്ളലാണ് സൂര്യാതപം. പ്രത്യേകിച്ച് രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ ഉള്ള സമയത്ത് പുറത്തു നിൽക്കുമ്പോൾ ഇത് കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ

* ചർമ്മം ചുവന്ന് വീർക്കുക (Redness & inflammation)
* പൊള്ളലുകൾ
* ചൊറിച്ചിൽ
* ചെറിയ കുമിളകൾ (Blisters)
* കുറച്ച് ദിവസങ്ങൾക്ക് ശേഷം ചർമ്മം ഉരിഞ്ഞുപോവുക (Peeling)

സൂര്യാതപമേറ്റാലുള്ള പരിഹാര മാർഗ്ഗങ്ങൾ

* തണുത്ത വെള്ളമോ ഐസ് ക്യൂബോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക

* ഇടക്കിടെ വെള്ളം കുടിക്കുക

* പൊള്ളൽ കുമിളകൾ ചൊറിയുകയോ പൊട്ടിക്കുകയോ അരുത്

* പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക

* ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ലേപനങ്ങൾ പുരട്ടുക

2. സൂര്യാഘാതം (Heat Stroke)

ശരീരത്തിന് താങ്ങാനാവുന്നതിലും കൂടുതലായി ചൂട് ഏൽക്കുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രണ സംവിധാനം തകരുകയും, ശരീര താപനില 40°C (104°F)-ൽ കൂടുതലായി ഉയരുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതര അവസ്ഥയിലേക്കാക്കും.

ലക്ഷണങ്ങൾ

* അമിതമായ ശരീര ചൂട് (High body temperature)
* വിയർപ്പ് ഇല്ലാതാകുക,
* ചർമ്മം വരണ്ടു ചുവന്നതാകുക
* കടുത്ത തലവേദന,
* തലകറക്കം (Dizziness)
* ഛർദ്ദി (Vomiting),
* അസ്വസ്ഥത
* മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുക

സൂര്യാഘാതമേറ്റാലുള്ള പരിഹാര മാർഗ്ഗങ്ങൾ

* സൂര്യഘാതമേറ്റാൽ ഉടനടി ശരീരം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക

* തണുത്ത സ്ഥലത്തേക്ക് മാറുക / മാറ്റുക, വിശ്രമിക്കുക.

* ഫാനിനു താഴെയോ തണലുള്ള ഇടങ്ങളിലോ നിർത്തുക

* തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വീശുക, ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക.

* ഇടക്കിടക്ക് വെള്ളം കുടിക്കാൻ നൽകുക

* കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

* കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

സൂര്യാഘാതമേൽക്കാതിരിക്കാൻ

* രാവിലെ 11 മുതൽ 3 വരെ വെയിൽ പരമാവധി ഒഴിവാക്കുക

* ധാരാളം വെള്ളം കുടിക്കുക (Hydration)

* ലളിതവും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക

* സൺസ്ക്രീൻ (SPF 30+) ഉപയോഗിക്കുക

* കുട (Hat/Umbrella) ഉപയോഗിക്കുക.

*സൈറണ്‍ മുഴങ്ങി*

ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പിന്റെ ഭാഗമായി ഏപ്രില്‍ 23 ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതലമട പ്രീ മെട്രിക് ഹോസ്റ്റല്‍, കോഴിപ്പാറ ജി എച്ച് എസ് എസ്, ഒറ്റപ്പാലം ഡഫ് സ്‌കൂള്‍, അട്ടപ്പാടി ഐ ടി ഐ, അഗളി ജി എച്ച് എസ് എസ്, അട്ടപ്പാടി മേലേമുറി കമ്മ്യൂണിറ്റി സ്റ്റഡി സെന്റര്‍ എന്നിവിടങ്ങളിലാണ് സൈറണുകള്‍ മുഴങ്ങിയത്.

Spread the News

Leave a Comment

IMG 20260806 WA0051