anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് കിരീടം*

ആലപ്പുഴ: ആലപ്പുഴ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ എം. സുരേഷ് കുമാർ സ്മാരക അണ്ടർ-16 ടൂർണമെന്റിൽ ട്രിവാൺഡ്രം ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയെ 87 റൺസിനാണ് ലിറ്റിൽ മാസ്റ്റേഴ്സ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സ് 44.3 ഓവറിൽ 272 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ ട്രൈഡന്റിന് 32.4 ഓവറിൽ 185 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലിറ്റിൽ മാസ്റ്റേഴ്സിന് ബി. ദേവർഷും ആരോൺ അലക്സും ചേർന്ന 168 റൺസിന്റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് മികച്ച സ്കോർ സമ്മാനിച്ചത്. ദേവർഷ് 98 പന്തുകളിൽ 121ഉം ആരോൺ അലക്സ് 77 പന്തുകളിൽ 67 റൺസും നേടി. എട്ട് ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്‌നജ് പ്രജിത്താണ് ട്രൈഡന്റ് ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രൈഡന്റ് ബാറ്റിങ് നിരയിൽ 43 റൺസെടുത്ത മിഷാൽ ഷമീമും 38 റൺസെടുത്ത വിശാൽ ജോർജുമാണ് തിളങ്ങിയത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി ആനന്ദ് സായി മൂന്നും അക്ഷയ് പ്രശാന്ത് രണ്ട് വിക്കറ്റും വീഴ്ത്തി. സെഞ്ച്വറി നേടിയ ലിറ്റിൽ മാസ്റ്റേഴ്സിന്റെ ബി. ദേവർഷാണ് പ്ലെയർ ഓഫ് ദി മാച്ച്. ലിറ്റിൽ മാസ്റ്റേഴ്‌സിന്റെ ആരോൺ അലക്സ് പരമ്പരയുടെ താരമായും മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ട്രൈഡന്റിന്റെ വിശാൽ ജോർജിനെ മികച്ച ബാറ്ററായും വിഘ്നജ് പ്രജിതിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.

സംസ്ഥാനത്തെ 16 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ ആകെ 27 മത്സരങ്ങളാണ് നടന്നത്. ഫൈനൽ മത്സരത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ ജേതാക്കളായ ലിറ്റിൽ മാസ്റ്റേഴ്സ് ടീമിന് ട്രോഫി സമ്മാനിച്ചു. ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി പി.ജെ. നവാസ്, വൈസ് പ്രസിഡൻ്റ് കെ. മജീദ്, കെ.സി.എ മെമ്പർ രാജ് ഹംസൻ, അന്തരിച്ച ക്രിക്കറ്റ് താരം സുരേഷ് കുമാറിന്റെ മകൻ അതുൽ എസ്. കൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ അണ്ടർ-19 ഇന്ത്യൻ താരവുമായ എം. സുരേഷ് കുമാറിന്റെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ഇന്ത്യ അണ്ടർ-19 ടീമിൽ രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുള്ള അദ്ദേഹം, മികച്ച ഇടംകയ്യൻ സ്പിന്നറും അതിശയിപ്പിക്കുന്ന ഫീൽഡറുമായിരുന്നു. സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും അടക്കമുള്ളവർ അദ്ദേഹത്തിന്റെ ഫീൽഡിങ് മികവിനെ അംഗീകരിക്കുകയും അദ്ദേഹത്തിനൊപ്പം പരിശീലനം നടത്തുകയും ചെയ്തിട്ടുണ്ട്.

Spread the News

Leave a Comment

IMG 20260806 WA0051