വേലന്താവളം | 07.08.2026
ഓണം സ്പെഷ്യൽ ഡ്രൈവായ **’ഓപ്പറേഷൻ തണ്ടർ’**ന്റെ ഭാഗമായി വേലന്താവളം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുപോയ 30 ലക്ഷം രൂപ എക്സൈസ് സംഘം പിടിച്ചെടുത്തു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മൻ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് TN-99-AJ-0495 നമ്പർ TVS Jupiter സ്കൂട്ടറിൽ കടത്തുകയായിരുന്ന പണം കണ്ടെത്തിയത്.
സ്കൂട്ടർ ഓടിച്ചിരുന്ന ചിറ്റൂർ താലൂക്കിലെ തറക്കളം ദേശത്ത് ലക്ഷ്മി നിവാസിൽ പ്രഭാകരന്റെ മകൻ മണിക്കുട്ടൻ (34) ആണ് പണവുമായി പിടിയിലായത്. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെട്ടപ്പോൾ, ചിറ്റൂർ സ്വദേശിയായ പ്രാണേഷ് രാജേന്ദ്രന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട തുകയാണിതെന്നും, കോയമ്പത്തൂരിൽ നിന്ന് ചിറ്റൂരിലെ വീട്ടിലെത്തിക്കാൻ കൊണ്ടുപോകുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി എക്സൈസ് അധികൃതർ അറിയിച്ചു. എന്നാൽ ഇതിന് സാധുവായ രേഖകളൊന്നും ഹാജരാക്കാനായില്ല.
തുടർന്ന് മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം പണവും സ്കൂട്ടറും മണിക്കുട്ടനെയും കസ്റ്റഡിയിലെടുത്തു. പിന്നീട് വേലന്താവളം എസ്.ബി.ഐ ശാഖയിൽ എത്തിച്ച് ഇലക്ട്രോണിക് കറൻസി കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് പണം വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി ബാങ്ക് മാനേജരുടെ സാക്ഷ്യപത്രവും വാങ്ങി മഹസർ തയ്യാറാക്കി.
തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി 30 ലക്ഷം രൂപയും മണിക്കുട്ടനെയും പാലക്കാട് ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ വിംഗ്) ഉദ്യോഗസ്ഥർക്ക് കൈമാറിയതായി എക്സൈസ് വകുപ്പ് അറിയിച്ചു.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രസന്നൻ കെ.ഒ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജോസ് പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർ ശ്യാം മോഹൻ പി.എം എന്നിവർ പങ്കെടുത്തു.
