anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കൊച്ചി. കെസിഎൽ മൂന്നാം സീസൺ അടുത്തെത്തി നിൽക്കെ, കന്നിക്കിരീടം ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പിലാണ് തൃശൂർ ടൈറ്റൻസ്. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിയിൽ തോൽവി വഴങ്ങിയ ടൈറ്റൻസ് ടൂർണമെന്റിൽ ഏറ്റവും മികച്ച യുവനിരയുമായാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓൾറൗണ്ടർ എം.എസ്. അഖിലാണ് ഇത്തവണ ടീമിന്റെ ക്യാപ്റ്റൻ.

അഹമ്മദ് ഇമ്രാനും ഷോൺ റോജറും നേതൃത്വം നൽകുന്ന ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂർ ടൈറ്റൻസിന്റെ ഏറ്റവും വലിയ കരുത്ത്. ഏത് ബൗളിങ് നിരയെയും നിലംപരിശാക്കി തക‍ർപ്പൻ തുടക്കം നൽകാൻ കഴിയുന്ന താരമാണ് അഹമ്മദ് ഇമ്രാൻ. കഴിഞ്ഞ സീസണിൽ റൺവേട്ടയിൽ രണ്ടാമതെത്തിയ അഹമ്മദ് ഇമ്രാൻ ഒരു സെഞ്ച്വറിയും മൂന്ന് അ‍ർദ്ധ സെഞ്ച്വറിയുമടക്കം 437 റൺസായിരുന്നു അടിച്ചുകൂട്ടിയത്. ഇമ്രാന് പുറമെ മികച്ച പ്രകടനം കാഴ്ചവച്ച ഷോൺ റോജറായിരുന്നു കഴിഞ്ഞ സീസണിൽ ടൈറ്റൻസിനായി യുവനിരയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ ഇത്തവണ ഒന്നിനൊന്ന് മികച്ച ഒട്ടേറെ യുവതാരങ്ങൾ ടൈറ്റൻസിനൊപ്പമുണ്ട്. ഇന്ത്യൻ അണ്ടർ-19 ടീമംഗം മാനവ് കൃഷ്ണയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയൻ. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ അണ്ടർ-19 ടീമിന് വേണ്ടി സെഞ്ച്വറി നേടിയ മാനവ് കഴിഞ്ഞ കൂച്ച് ബെഹാർ ട്രോഫിയിൽ രണ്ട് സെഞ്ച്വറിയടക്കം 590 റൺസായിരുന്നു നേടിയത്. സംസ്ഥാന അണ്ടർ-19 ടീമിൽ മാനവിനൊപ്പം ഉണ്ടായിരുന്ന കെ.ആർ. രോഹിത്, അമയ് മനോജ്, മൊഹമ്മദ് ഇനാൻ തുടങ്ങിയവരും ഇത്തവണ ടൈറ്റൻസിനൊപ്പമുണ്ട്. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കഴിഞ്ഞ സീസണിൽ തന്നെ തൃശൂരിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. ഇത്തവണ രോഹിതാകും അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കുക.

മധ്യനിരയിൽ അതിവേഗം സ്കോർ ഉയർത്താൻ കെൽപ്പുള്ള എ.കെ. അർജുൻ, സഞ്ജീവ് സതീശൻ, നിഖിൽ തോട്ടത്ത് എന്നീ താരങ്ങളുടെ സാന്നിധ്യം ടൈറ്റൻസിന്റെ ബാറ്റിങ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരും. മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യമാണ് തൃശൂരിന്റെ മറ്റൊരു സവിശേഷത. പരിചയസമ്പന്നനായ എം.എസ്. അഖിലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയൻ. ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരമായ അഖിലിനെ 3.80 ലക്ഷത്തിനാണ് ടൈറ്റൻസ് ഇത്തവണ ടീമിലെത്തിച്ചത്. എസ്.എസ്. ഷാരോൺ, പ്രസൂൺ പ്രസാദ്, അബ്ദുൾ റമീസ് തുടങ്ങിയ ഓൾറൗണ്ടർമാരുടെ നീണ്ടൊരു നിര തന്നെ തൃശൂർ ടീമിനൊപ്പമുണ്ട്.

കൃത്യതയും വൈവിധ്യവുമുള്ള ബൗളിങ് ആക്രമണമാണ് ഇത്തവണ തൃശൂരിന്റേത്. ആദിത്യ വിനോദ്, ആനന്ദ് ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ആസിഫ് സലാം എന്നിവരടങ്ങുന്ന ശക്തമായ പേസ് ബൗളിങ് ലൈനപ്പാണ് ടൈറ്റൻസിന്റേത്. യുവതാരം മുഹമ്മദ് ഇനാനും ബിജു നാരായണനും നയിക്കുന്ന സ്പിൻ ബൗളിങ് നിരയും കരുത്തുറ്റതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ബാറ്റിങ്ങിലും തിളങ്ങുന്ന താരങ്ങളാണ് മുഹമ്മദ് ഇനാനും ബിജു നാരായണനും. അവസാന ഓവറിൽ ബിജു നാരായണൻ കാഴ്ചവെച്ച തകർപ്പൻ ഇന്നിങ്സായിരുന്നു കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ കൊല്ലം സെയിലേഴ്സിന് വിജയമൊരുക്കിയത്. അണ്ടർ-19 തലത്തിൽ തകർപ്പൻ ഇന്നിങ്സുകൾ കാഴ്ചവെച്ച താരമാണ് മുഹമ്മദ് ഇനാനും.

എസ്. സുനിൽകുമാറാണ് ടീമിന്റെ ഹെഡ് കോച്ച്. കെവിൻ ഓസ്കാറും ഷാഹിദ് സി.പിയും അസിസ്റ്റന്റ് കോച്ചുമാരായും മണികണ്ഠൻ ഫീൽഡിങ് കോച്ചായും മുഹമ്മദ് അഫ്സൽ ലോജിസ്റ്റിക്സ് മാനേജറായും ടീമിനൊപ്പമുണ്ട്. അരുൺ റോയ് (ഫിസിയോ), വൈശാഖ് (ട്രെയിനർ), ഷാജി (മീഡിയ മാനേജർ) എന്നിവരാണ് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾ. സജ്ജദ് സൈദ്, അകീൽ ഫഹീം, കാമിൽ ഫഹീം എന്നിവരാണ് ടീം ഉടമകൾ.

IMG 20260813 WA0171(1)

ടീം അംഗങ്ങൾ: എസ്.എസ് നിഖിൽ തോട്ടത്ത് (ക്യാപ്റ്റൻ),ഷോൺ റോജർ, അഹമ്മദ് ഇമ്രാൻ, അർജുൻ എ.കെ, അദിത്യ വിനോദ്, മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, ബിജു നാരായണൻ, അമയ് മനോജ്, ഷാരോൺ , ശരത് ചന്ദ്ര പ്രസാദ്, ആനന്ദ് ജോസഫ്, പ്രസൂൺ പ്രസാദ്, സഞ്ജീവ് സതീശൻ, നസൽ പി, രോഹിത് കെ.ആർ, മുഹമ്മദ് ഇർഷാദ്, അബ്ദുൾ റമീസ് പി, എം.എസ്. അഖിൽ, ആസിഫ് സലാം.

Spread the News

Leave a Comment

IMG 20260806 WA0051