തിരുവനന്തപുരം: വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഏകോപിപ്പിച്ച് കുട്ടികളുടെ വൈകാരിക-മാനസിക ക്ഷേമം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കം. ‘റിസോഴ്സിയോ’ (RESORCIO) സ്റ്റാർട്ടപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘റസൊണേറ്റ് 360’ പദ്ധതി ടി.പി സീതാറാം ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. മുന്നിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ തയാറാകുന്ന സമൂഹത്തിന്റെ ഊർജമാണ് റിസോഴ്സിയോ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് റൂം ലെവലിന് മുകളിൽ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ നൽകാനും രക്ഷിതാക്കളെയും അധ്യാപകരെയും ട്രെയിനേഴ്സിനെയും പൊതു സമൂഹത്തെയും ഗുണകരമായി സ്വാധീനിക്കാനും ഇത്തരം ശ്രമങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ കൗൺസിലർമാർക്കുമുതകുന്ന വിവിധതരം വിദ്യാഭ്യാസ പംക്തികളുൾപ്പെടുത്തി സ്കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യുന്ന റസൊണേറ്റ് 360 മാഗസിനും ചടങ്ങിൽ പ്രകാശനം ചെയ്തു.
സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഭീഷണി, മാനസിക സമ്മർദ്ദം, പോക്സോ കേസുകൾ എന്നിവ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കായി സുരക്ഷാ ശൃംഖല തീർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രശ്നങ്ങൾ ഉണ്ടായ ശേഷം പ്രതികരിക്കുന്നതിന് പകരം, മുൻകൂട്ടി പ്രതിരോധിക്കുന്ന രീതിയാണ് റസൊണേറ്റ് 360 സ്വീകരിക്കുന്നത്. വിദ്യാർത്ഥി, അധ്യാപകൻ, രക്ഷിതാവ് (The Happiness Triangle) എന്നിവരെ കോർത്തിണക്കി തയ്യാറാക്കിയ പദ്ധതിയിലൂടെ പ്രതിമാസ പരിശീലന ക്ലാസുകൾ, കൗൺസിലർമാർക്കുള്ള ശാസ്ത്രീയ പരിശീലനം, വെൽനെസ്സ് ടൂളുകൾ എന്നിവ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സ്കൂളുകളിലേക്ക് റസൊണേറ്റ് 360 മാഗസിൻ സൗജന്യമായി വിതരണം ചെയ്യുന്നത്. പരീക്ഷകൾക്കപ്പുറം ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഗൗരി പാർവ്വതി ഭായി, ടി.പി സീതാറാം ഐ.എഫ്.എസ്, ഡോ. അരുൺ ബി. നായർ, സ്വാമി വിവിക്താനന്ദ സരസ്വതി, സുരേഷ് മോഹൻ സി.എ, ഡോ. ദീപാ ചന്ദ്രൻ, വിനു മോൻ കെ. മാത്യു, സംഗീത മുത്തു കുമാർ, ഡോ. കെ.ജി വിജയലക്ഷ്മി, ഗീതിക സുദീപ്, റോബിൻസ് ജെ. അലപ്പാട്ട്, അഖിൽ എം.എസ് തുടങ്ങിയ പ്രമുഖരടങ്ങുന്ന ഉന്നതതല സമിതിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.