
കൊച്ചി: നടിയും മോഡലുമായ അർച്ചന രവിയും പ്രമുഖ യുവ നിർമാതാവുമായ ആന്റണി ഷോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
ഏറെ കൗതുകമുണർത്തുന്ന കുറിപ്പോടുകൂടിയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘‘നമ്മൾ പരസ്പരം ഏറ്റവും നല്ല അവസ്ഥയിലും, ഏറ്റവും മോശം അവസ്ഥയിലും, ഇതിനിടയിലുണ്ടായ എല്ലാ കോളിളക്കങ്ങളിലും കണ്ടറിഞ്ഞിട്ടുണ്ട്. എന്നിട്ടും, നമ്മളിലാരും ഓടിയൊളിച്ചില്ല.എന്നുവെച്ചാൽ… എന്നെന്നേക്കുമായിട്ടായിരുന്നില്ല അത്.’’ – എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ഇരുവരും കുറിച്ചത്.
മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ അർച്ചന രവി മികച്ചൊരു മോഡലും സംരംഭകയും കൂടിയാണ്. തമിഴിൽ ‘അട്ടൂ’, ‘നീ ഫോർ എവർ’ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് നിരവധി അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കിയ അർച്ചന, മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടറും ഫെമിന മിസ് ഇന്ത്യ കേരള ടോപ്പ് 3 ഫൈനലിസ്റ്റുമായിരുന്നു. കൂടാതെ, മോഡലിങ് രംഗത്തേക്ക് കടന്നുവരുന്ന നൂറിലധികം യുവതികൾക്ക് പരിശീലനവും നൽകി വരുന്നുണ്ട്.
ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’, പ്രേക്ഷകപ്രശംസ നേടിയ ‘ജാൻ ഇ മൻ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമാണ പങ്കാളിയാണ് ആന്റണി ഷോൺ. നിർമാണത്തിന് പുറമെ ചില സിനിമകളിൽ അഭിനേതാവായും അസോസിയേറ്റ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഇരുവരുടെയും വിവാഹവാർത്ത പുറത്തുവന്നതോടെ സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.