anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അഭിമാനമായി ‘തിയേറ്റർ’; കൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽനിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

അന്തരിച്ച പ്രമുഖ ബംഗാളി സംവിധായകൻ ഋതുപർണ ഘോഷിന്റെ സ്മരണാർഥം കൽക്കത്തയിൽ സംഘടിപ്പിച്ച ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ചിത്രമായി ‘തിയേറ്റർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോൾ, ശ്യാമപ്രകാശ് എം.എസ്. മികച്ച ഛായാഗ്രാഹകനുള്ള അവാർഡിനും അർഹനായി. മലയാളത്തിൽനിന്ന് ഈ മേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ഇതായിരുന്നു. ദേശീയ പുരസ്കാര ജേതാവും ഓസ്കർ അവാർഡ് കമ്മിറ്റി അംഗവുമായ ശ്രീലേഖ മുഖർജി അധ്യക്ഷയായ പാനലാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. രണ്ട് തവണ ദേശീയ പുരസ്കാരം നേടിയ സംവിധായകരായ ശർമിഷ്ഠ മൈതി, രാജ്ദീപ് പോൾ, പ്രശസ്ത ബംഗാളി സംവിധായിക ജയശ്രീ ഭട്ടാചാര്യ, സൗണ്ട് ഡിസൈനർ ഒലീവിയ ദാസ്, സ്വതന്ത്ര സംവിധായകൻ സമൃത് റോ ചക്രബർത്തി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച സംവിധായകനുള്ള പുരസ്കാരം സജിൻ ബാബുവിനാണ്. റഷ്യൻ സാംസ്കാരിക മന്ത്രാലയത്തിന്റെയും സെന്റ് പീറ്റേഴ്സ്ബർഗ് സർക്കാരിന്റെയും ലെൻഫിലിം സ്റ്റുഡിയോയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ചിത്രമെന്ന നേട്ടവും തിയേറ്ററിനായിരുന്നു. വിഖ്യാത റഷ്യൻ സംവിധായകൻ ആൻഡ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയാണ് വിധിനിർണയം നടത്തിയത്. റഷ്യൻ ഛായാഗ്രാഹകൻ ഇല്യാ ഡ്യൂമിൻ, നടൻ യൂറിയ ഗൽത്സേവ്, ഗായകനും സെന്റ് പീറ്റേഴ്സ്ബർഗ് ചൈനീസ് കൾച്ചറൽ സെന്റർ മേധാവിയുമായ പാൻ യിൻലൈ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. കഴിഞ്ഞമാസം റഷ്യയിൽ നടന്ന വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്കാരം നേടിയിരുന്നു.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി തുടർച്ചയായി ലഭിക്കുന്ന ഈ അംഗീകാരങ്ങൾ ലോകസിനിമാവേദിയിൽ മലയാളത്തിന്റെ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കുകയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051