anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന സ്പോർട്സ് കൗൺസിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2025-26 വർഷത്തെ ജി.വി. രാജ അവാർഡ്, സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, മികച്ച കായിക പരിശീലകൻ, മികച്ച കായിക അധ്യാപകൻ, മികച്ച സ്‌കൂൾ, മികച്ച കോളേജ്, മാധ്യമ അവാർഡുകൾ, കോളേജ്/സ്‌കൂൾ സ്പോർട്സ് അക്കാദമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിലെ മികച്ച പുരുഷ, വനിതാ കായികതാരങ്ങൾക്കുള്ള അവാർഡുകൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു.

ജി.വി. രാജ അവാർഡ് ദേശീയ, അന്തർദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേരളീയ കായികതാരങ്ങളിൽ പുരുഷ, വനിത വിഭാഗങ്ങളിലായി ഓരോരുത്തർക്കാണ് നൽകുക. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷിക്കുന്നതിന് തൊട്ടുമുൻപുള്ള നാല് സാമ്പത്തിക വർഷങ്ങളിൽ ഒളിമ്പിക്സ്, അംഗീകൃത ലോക/ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ (സീനിയർ), കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവരെയാണ് പരിഗണിക്കുക. മുൻകാല ജി.വി. രാജ അവാർഡ് ജേതാക്കൾക്ക് അപേക്ഷിക്കാനാകില്ല.

സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. കേരള കായികരംഗത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിയെയാണ് പരിഗണിക്കുക.

മികച്ച കായിക പരിശീലക അവാർഡിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ പരിശീലന മികവും പരിശീലിപ്പിച്ച താരങ്ങളുടെ അന്തർദേശീയ നേട്ടങ്ങളും പരിഗണിക്കും. മികച്ച കായിക അധ്യാപകൻ, മികച്ച സ്‌കൂൾ, മികച്ച കോളേജ് എന്നീ വിഭാഗങ്ങളിൽ 50,000 രൂപയും ബന്ധപ്പെട്ട ഫലകം/പ്രശസ്തിപത്രവും നൽകും.

മാധ്യമ അവാർഡുകൾ മികച്ച സ്പോർട്സ് ജേർണലിസ്റ്റ്, സ്പോർട്സ് ഫോട്ടോഗ്രാഫർ, കായിക ദൃശ്യ മാധ്യമ പരിപാടി, സ്പോർട്സ് പുസ്തകം എന്നീ വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിനും 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. 2025-26 കാലയളവിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, ചിത്രങ്ങൾ, പുസ്തകങ്ങൾ, സംപ്രേഷണം ചെയ്ത ദൃശ്യ മാധ്യമ പരിപാടികൾ എന്നിവയാണ് പരിഗണിക്കുക. ഒരാളിൽ നിന്ന് പരമാവധി രണ്ട് ലേഖനങ്ങളും രണ്ട് ഫോട്ടോകളും രണ്ട് പെൻഡ്രൈവുകളും സ്വീകരിക്കും.

കോളേജ്/സ്‌കൂൾ സ്പോർട്സ് അക്കാദമി (സ്പോർട്സ് ഹോസ്റ്റൽ) വിഭാഗത്തിലെ മികച്ച പുരുഷ, വനിതാ കായികതാരങ്ങൾക്ക് 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും വീതം നൽകും. സ്പോർട്സ് കൗൺസിൽ പദ്ധതിയിലെ കുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബന്ധപ്പെട്ട അസോസിയേഷൻ/ഹോസ്റ്റൽ അധികാരി മുഖേന ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം.

അപേക്ഷകൾ സെപ്റ്റംബർ 15ന് മുൻപ് സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1 വിലാസത്തിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് : www.sportscouncil.kerala.gov.in.

Spread the News

Leave a Comment

IMG 20260806 WA0051