anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയുടെ പഴയകാല ഓർമ്മകൾ ഇനി ഡിജിറ്റൽ ശേഖരത്തിലേക്ക്; ‘നന്മ ഫോട്ടോ ഹിസ്റ്ററി ക്ലബ്’ ആരംഭിക്കുന്നു

ചെർപ്പുളശ്ശേരി: നാടിന്റെ പഴയകാല ചരിത്രവും ഓർമ്മകളും ചിത്രങ്ങളിലൂടെ സംരക്ഷിച്ച് വരും തലമുറകൾക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘നന്മ ഫോട്ടോ ഹിസ്റ്ററി ക്ലബ്’ ആരംഭിക്കുന്നു.

പഴയ ഫോട്ടോകളിലും കുടുംബ ആൽബങ്ങളിലുമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ചെർപ്പുളശ്ശേരിയുടെ ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങൾ കണ്ടെത്തി ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കാലത്തിനൊപ്പം രൂപം മാറിയ ചെർപ്പുളശ്ശേരിയിലെ വഴികൾ, പഴയ കെട്ടിടങ്ങൾ, തെരുവുകൾ, ചന്തകൾ, ഉത്സവങ്ങൾ, വിദ്യാലയങ്ങൾ, കലാ-കായിക പരിപാടികൾ, കുടുംബ-സാമൂഹിക ചടങ്ങുകൾ, ശ്രദ്ധേയ വ്യക്തികൾ തുടങ്ങി നാടിന്റെ ചരിത്രവും സാമൂഹിക ജീവിതവും അടയാളപ്പെടുത്തുന്ന പഴയകാല ചിത്രങ്ങളാണ് ശേഖരിക്കുന്നത്.

പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന ചിത്രങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്നവ നന്മ ഫോട്ടോ ഹിസ്റ്ററി ക്ലബ്ബിന്റെ ഡിജിറ്റൽ പ്രദർശനത്തിൽ ഉൾപ്പെടുത്തും. ചിത്രങ്ങൾക്കൊപ്പം അവ പകർത്തപ്പെട്ട കാലഘട്ടം, സ്ഥലം, ചിത്രത്തിലുള്ള വ്യക്തികൾ, സംഭവത്തിന്റെ പശ്ചാത്തലം തുടങ്ങിയ ലഭ്യമായ വിവരങ്ങളും രേഖപ്പെടുത്താൻ ശ്രമിക്കും. ഇതുവഴി ചെർപ്പുളശ്ശേരിയുടെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ ഒരു ജനകീയ ഡിജിറ്റൽ സ്മൃതി ശേഖരം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.

ചെർപ്പുളശ്ശേരിയുമായി ബന്ധപ്പെട്ട പഴയ ചിത്രങ്ങൾ കൈവശമുള്ളവർ അവ പങ്കുവെച്ച് സംരംഭത്തിന്റെ ഭാഗമാകണമെന്ന് സംഘാടകർ അഭ്യർഥിച്ചു. ഇതിനായി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

പഴയ കുടുംബ ആൽബങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രം പോലും ചെർപ്പുളശ്ശേരിയുടെ ചരിത്രത്തിലെ വിലപ്പെട്ട രേഖയായി മാറാമെന്നും നാടിന്റെ ഓർമ്മകളും പാരമ്പര്യവും ചിത്രങ്ങളിലൂടെ വീണ്ടെടുത്ത് സംരക്ഷിക്കാനുള്ള ഈ ജനകീയ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും നന്മ സാംസ്കാരിക കേന്ദ്രം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8893778099

Spread the News

Leave a Comment

IMG 20260806 WA0051