ഹയർ സെക്കൻഡറി കുട്ടികളിൽ വ്യക്തിത്വ വികസനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സ്കൂൾതലത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള നിർണായകമായ ചുവടുവയ്പാണ് ഹയർ സെക്കൻഡറി കാലം . ഈ സമയത്ത് വിദ്യാർഥികളെ പഠനത്തിൽ കൂടുതൽ പ്രാപ്തരാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനവും ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘വിജയതീരം’ പഠന ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഗളി ഇ.എം.എസ്. സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഹയർ സെക്കൻഡറി തലത്തിൽ നിലവിലുള്ള 77 ശതമാനം വിജയം നൂറുമേനിയിലെത്തിക്കാൻ ‘വിജയതീരം’ പോലുള്ള പദ്ധതികൾക്ക് സാധിക്കും. സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പഠനവൈകല്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും എൻ.എസ്.എസ് ക്യാമ്പുകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതിലൂടെ ലഭിക്കുന്ന സർവേ റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു . കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയെ പരിഷ്കരിക്കാൻ പുതിയ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തുടർന്ന് വിവിധ സ്കൂളുകൾക്കുള്ള ധനസഹായം വിതരണം ചെയ്തു.
അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്താൻ കണ്ടിയിൽ പദ്ധതി വിശദീകരിച്ചു. പിന്നണി ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മ, കലാധ്യാപകൻ സാബു ആരക്കുഴ എന്നിവർ വിശിഷ്ടാതിഥികളായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. എൻ. രാജേഷ്, സി. തങ്കവേലു, ഡി എസ് ചിത്ര, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി. എം. ലത്തീഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, ജോയിന്റ് ഡയറക്ടർ എ അബൂബക്കർ, എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. എസ്. സന്തോഷ്കുമാർ, വി.എച്ച്.എസ്.ഇ അക്കാദമിക് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. മനോജ്, മലപ്പുറം ആർ.ഡി.ഡി എസ് ജൂഡ് ലൂയിസ്, കില അസിസ്റ്റന്റ് ഡയറക്ടർ കെ. പി. ഉണ്ണികൃഷ്ണൻ, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി കെ സുരേഷ്കുമാർ, അഗളി ജി വി എച്ച് എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.