anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലമ്പുഴ നവീകരണം: തൊഴിലാളികളെയും കച്ചവടക്കാരെയും ദുരിതത്തിലാക്കി സർക്കാർ അനാസ്ഥ; അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണം: എസ്.ഡി.ടി.യു*

പാലക്കാട്: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിന്റെ പേരിൽ ജീവനക്കാരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ദുരിതത്തിലാക്കിയ സർക്കാർ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.ടി.യു) പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഇല്യാസ് പാലക്കാട് ആവശ്യപ്പെട്ടു.

മലമ്പുഴ ഉദ്യാനം അടച്ചതോടെ ഉദ്യാനത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന നൂറോളം ചെറുകിട കച്ചവടക്കാരാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടൊപ്പം ഉദ്യാനത്തിലെ 110 താൽക്കാലിക ജീവനക്കാർക്കും ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു വർഷത്തോളമായി വരുമാനം മുടങ്ങിയിട്ടും ഇവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്.
മലമ്പുഴയിലെ പ്രധാന ആകർഷണമായ ഉദ്യാനം അടച്ചതോടെ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. നിലവിൽ റോപ് വേ മാത്രമാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. ഒരുകാലത്ത് വിനോദസഞ്ചാരികളുടെ തിരക്കും കച്ചവടത്തിരക്കും നിറഞ്ഞിരുന്ന പ്രദേശം ഇപ്പോൾ വിജനമായ അവസ്ഥയിലാണ്. ഉദ്യാനത്തെയും പരിസരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ചെറുകിട കച്ചവടക്കാരുടെ വരുമാനം ഇതോടെ പൂർണമായും തകർന്നിരിക്കുകയാണ്.
ഉദ്യാനത്തിനുള്ളിലെ കടകൾ ഒഴിപ്പിച്ചതോടെ കച്ചവടക്കാർക്ക് നേരിട്ട സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. ഉദ്യാനം അടച്ചുകിടന്ന കാലയളവിലെ കടകളുടെ തറവാടക പൂർണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യണം. വരുമാനമാർഗം തന്നെ നഷ്ടപ്പെട്ട സാഹചര്യത്തിൽ കച്ചവടക്കാരിൽനിന്ന് സാധാരണ നിലയിലെ വാടക ഈടാക്കുന്നത് നീതീകരിക്കാനാകില്ല.
അതുപോലെ തന്നെ 110 താൽക്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടവും സർക്കാർ ഗൗരവമായി പരിഗണിക്കണം. നവീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഇവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള ബദൽ സംവിധാനം ഒരുക്കേണ്ടതായിരുന്നു. നവീകരണം ഘട്ടംഘട്ടമായി നടപ്പാക്കി ഉദ്യാനത്തിന്റെ ഏതെങ്കിലും ഭാഗം സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നെങ്കിൽ തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ജീവിതം ഇത്രത്തോളം പ്രതിസന്ധിയിലാകുമായിരുന്നില്ല.
ഓണക്കാലത്ത് പോലും മലമ്പുഴയിൽ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ കച്ചവടക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. വർഷം മുഴുവൻ മലമ്പുഴയുടെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതം തകർന്നിട്ടും സർക്കാർ അനാസ്ഥ തുടരുന്നത് അംഗീകരിക്കാനാകില്ല.
നവീകരണ പ്രവർത്തനങ്ങൾ അനാവശ്യമായി നീളാതെ സമയബന്ധിതമായി പൂർത്തിയാക്കുകയും മലമ്പുഴ ഉദ്യാനം എത്രയും വേഗം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയും വേണം. അതോടൊപ്പം ദുരിതത്തിലായ താൽക്കാലിക ജീവനക്കാർക്കും തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും അടിയന്തര സാമ്പത്തിക ആശ്വാസം നൽകുന്നതിനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇല്യാസ് പാലക്കാട് ആവശ്യപ്പെട്ടു.
മലമ്പുഴയുടെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം സംരക്ഷിക്കുന്നതിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും, ഇനിയും അനാസ്ഥ തുടർന്നാൽ തൊഴിലാളികളെയും കച്ചവടക്കാരെയും അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് എസ്.ഡി.ടി.യു നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

Spread the News

Leave a Comment

IMG 20260806 WA0051